തിരുവനന്തപുരം: കണ്ണൂർ യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ നടത്തിയ അദ്ധ്യാപക നിയമനങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം.
ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനം സുപ്രീം കോടതി റദ്ദാക്കിയ സാഹചര്യത്തിലാണിത്. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് ഗോപിനാഥ് രവീന്ദ്രന് വിസിയായി പുനർ നിയമനം നൽകിയ ശേഷം അദ്ദേഹം നടത്തിയ അദ്ധ്യാപക നിയമനങ്ങൾ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്കും കണ്ണൂർ സർവ്വകലാശാല വിസിയ്‌ക്കും നിവേദനം നൽകിയത്. ഓൺലൈനായി നടത്തിയ ഇന്റർവ്യൂകളിൽ ദുരൂഹതയുണ്ടെന്നും നിവേദനത്തിൽ ആരോപിക്കുന്നു.
ഡൽഹിയിലെ സർവ്വകലാശാലകളിലെ മുൻ വൈസ് ചാൻസലറുടെ സഹപ്രവർത്തകരായിരുന്ന അദ്ധ്യാപകരെ വിഷയവിദഗ്ധരായി നാമനിർദ്ദേശം ചെയ്ത് ഓൺലൈനായിട്ടായിരുന്നു എല്ലാ ഇന്റർവ്യൂകളും നടത്തിയത്. മറ്റ് ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂ നേരിട്ട് നടത്താത്തതിനാൽ ആരെല്ലാം പങ്കെടുത്തെന്നുപോലും അറിയാൻ കഴിയുന്നില്ല. കൊറോണ കാലത്ത് പ്രത്യേക സാഹചര്യത്തിൽ നടത്തിയ ഓൺലൈൻ ഇന്റർവ്യൂ കണ്ണൂരിൽ മാത്രമായി അതിന് ശേഷവും തുടർന്നത് ബോധപൂർവ്വമാണ്.
പുനർനിയമനം റദ്ദാക്കി കൊണ്ടുള്ള സുപ്രീംകോടതി വിധി വന്ന ദിവസം പോലും ഇന്റർവ്യൂ നടത്തി. ഇതിലൂടെ ഡോ. ഗോപിനാഥ് രവീന്ദ്രന് താത്പര്യമുള്ള ഒരാൾക്ക് ജ്യോഗ്രഫി വിഷയത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി ഒന്നാം റാങ്ക് നൽകി. രണ്ട് ദിവസമായി നടന്ന ഇന്റർവ്യൂവിന്റെ ആദ്യദിവസം മുഴുവൻ സമയവും വിധി വന്ന ദിവസം മറ്റൊരു പ്രൊഫസറെ ചുമതലപ്പെടുത്തിയും ഇന്റർവ്യൂ പൂർത്തിയാക്കി നിയമനം നൽകിയതിൽ ദുരൂഹതയുണ്ട്. ഒരു വിഷയത്തിൽ വ്യത്യസ്ത ബോർഡ് ഇന്റർവ്യൂ നടത്തുന്നതും മറ്റൊരാളെ വിസിയുടെ നോമിനിയായി ഇന്റർവ്യൂ നടത്താൻ ചുമതലപ്പെടുത്തുന്നതും ചട്ടവിരുദ്ധമാണെന്നാണ് ആരോപണം. ഒന്നാം റാങ്ക് നൽകിയിട്ടുള്ള ടി. പി. സുധീപിന്റെ ഗവേഷണ ഗൈഡ് ആയ ജെഎൻയുവിലെ പ്രൊഫസറെ മുൻ വി.സി വിഷയ വിദഗ്ധനായി നിയമിച്ചത് ഈ ഉദ്യോഗാർത്ഥിയ്‌ക്ക് ഒന്നാം റാങ്ക് നൽകാനായിരുന്നുവെന്നും വിമർശനമുണ്ട്.
പുനർ നിയമനത്തിന് ശേഷം മുൻ വി.സി ഗോപിനാഥ് രവീന്ദ്രൻ നടത്തിയ എല്ലാ നിയമനങ്ങളും പുനഃപരിശോധിക്കണമെന്നും ജ്യോഗ്രഫി അസിസ്റ്റന്റ് പ്രൊഫസർ നിയമനം റദ്ദാക്കണമെന്നും അധ്യാപക നിയമനങ്ങൾ ഓൺലൈനായി നടത്തുന്ന രീതി തുടരരുതെന്നും ചാൻസലർക്കും കണ്ണൂർ വിസിക്കും നൽകിയ നിവേദനത്തിൽ ആവശ്യപ്പെടുന്നു.















