എറണാകുളം: അഞ്ച് കൊലപാതക കേസുകളിലെ പ്രതി റിപ്പർ ജയാനന്ദൻ ഇന്ന് പരോളിലിറങ്ങും. തടവിൽ കഴിയവെ ജയാനന്ദൻ എഴുതിയ ‘പുലരി വിരിയും മുമ്പേ’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് പരോൾ. ഇന്നും നാളെയും രാവിലെ 9 മുതൽ വൈകീട്ട് 5 മണി വരെയാണ് പരോൾ അനുവദിച്ചിരിക്കുന്നത്. നാളെ കൊച്ചിയിലാണ് പുസ്തക പ്രകാശനം നടക്കുന്നത്.
ഡിസംബർ 23ന് രാവിലെ 10.30നാണ് പുസ്തക പ്രകാശന ചടങ്ങ്. ഡോ. സുനിൽ പി ഇളയിടമാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. പാലക്കാട് വിളയൂർ ലോഗോസ് പബ്ലിക്കേഷൻസ് ആണ് ജയാനന്ദൻ രചിച്ച പുസ്തകത്തിന്റെ പ്രസാധകർ. ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണനാണ് ജയാനന്ദന് പരോൾ അനുവദിച്ചത്.
അഭിഭാഷകയായ മകൾ കീർത്തി ജയാനന്ദൻ വഴി ഭാര്യ ഇന്ദിരയാണ് പരോളിനായി ഹൈക്കോടതിയെ സമീപിച്ചത്. ജയാനന്ദന് സാധാരണ പരോൾ അനുവദിക്കാൻ നിയമമില്ലെന്നും, ഭരണഘടനാ കോടതികൾക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ്. കഴിഞ്ഞ 17 വർഷമായി തടവിൽ കഴിയുന്ന ജയാനന്ദൻ വിയ്യൂർ അതീവ സുരക്ഷാ ജയിലിലാണുള്ളത്.















