ലക്നൗ: വികസിത് ഭാരത് സങ്കൽപ് യാത്രയിൽ ഒരു കോടിയിലധികം ആയുഷ്മാൻ കാർഡുകൾ വിതരണം ചെയ്യും. രാജ്യത്തിലെ ഓരോ പൗരന്മാർക്കും ഗുണനിലവാരമുള്ള ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആയുഷ്മാൻ കാർഡുകൾ വിതരണം ചെയ്യുന്നത്.
വികസിത് ഭാരത് സങ്കൽപ് യാത്ര ഇതുവരെ 3,462 ഗ്രാമപഞ്ചായത്തുകളിലും തദ്ദേശ സ്ഥാപനങ്ങളിലും നടത്തിയതായി അധികൃതർ അറിയിച്ചു. ആയുഷ്മാൻ ആപ്പ് ഉപയോഗിച്ച് ആയുഷ്മാൻ കാർഡുകൾ തയാറാക്കുകയും 24 ലക്ഷത്തോളം പേർക്ക് വിതരണം ചെയ്യുകയും ചെയ്തു. ഓരോ ആയുഷ്മാൻ കാർഡിലൂടെയും ഒരു കുടുംബത്തിന് പ്രതിവർഷം അഞ്ച് ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭ്യമാകും.
കേന്ദ്ര സർക്കാർ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി നവംബർ 15-നാണ് വികസിത് സങ്കൽപ് യാത്രയ്‌ക്ക് തുടക്കം കുറിച്ചത്. സർക്കാർ പദ്ധതികളെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് വികസിത് സങ്കൽപ് യാത്രയുടെ പ്രധാന ലക്ഷ്യം. ഝാർഖണ്ഡിലെ ഖുന്തിയിൽ നിന്ന് ആരംഭിച്ച യാത്ര പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടനം ചെയ്തത്. യാത്രയുടെ ഭാഗമായി ആരോഗ്യ ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്.















