തിരുവനന്തപുരം: ക്ലിഫ് ഹൗസിൽ നവകേരള സദസിന്റെ ബസ് കേറുന്നതിനായി മരം മുറിക്കുന്നതിനിടെ അപകടം. ദേവസ്വം ബോർഡ് ജംഗ്ഷൻ മുതൽ ക്ലിഫ് ഹൗസ് വരെയുള്ള വഴിയിലെ മരച്ചില്ലകൾ മുറിച്ചുമാറ്റുന്നതിനിടെയാണ് വാഹനത്തിൽ നിന്ന് വീണ് രണ്ട് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റത്. ശ്രീജിത്ത്, പ്രവീൺ എന്നീ ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്.
ഇന്നലെ ക്ലിഫ് ഹൗസിലേക്ക് ബസ് കയറ്റിയപ്പോൾ മരച്ചില്ലകളിൽ തട്ടിയിരുന്നു. ഈ മരച്ചില്ലകൾ മുറിച്ചു മാറ്റുന്നതിനിടെയാണ് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരുടെ നട്ടെല്ലിന് പരിക്കേറ്റത്. ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
കഴിഞ്ഞ ദിവസമാണ് നവകേരള സദസ് തിരുവനന്തപുരം ജില്ലയിൽ പ്രവേശിച്ചത്. 140 മണ്ഡലങ്ങളിലെ പര്യടനം പൂർത്തിയാക്കി മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള സദസ് നാളെ അവസാനിക്കും.