യുഎസിലെ ന്യൂജേഴ്‌സിയിൽ നിന്ന് 2019 മുതൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയുടെ പേര് എഫ്ബിഐ വാണ്ടഡ് ലിസ്റ്റിൽ . 29 കാരിയായ മയൂഷി ഭഗതിനെ ആണ് കാണാതായത് . വിദ്യാർത്ഥിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 10,000 ഡോളർ (8.32 ലക്ഷം രൂപ) എഫ്ബിഐ പാരിതോഷികം വാഗ്ദാനം ചെയ്തിട്ടുണ്ട്. 2019 മേയ് ഒന്നിനാണ് മയൂഷി അവസാനമായി സോഷ്യൽ മീഡിയ വഴി പിതാവിനോട് ചാറ്റ് ചെയ്തത് . ഇതിന് പിന്നാലെയാണ് മയൂഷിയെ കാണാതായത് .
ഗുജറാത്തിലെ വഡോദര സ്വദേശിയായ മയൂഷി 2016 മുതൽ സ്റ്റുഡന്റ് വിസയിൽ ന്യൂയോർക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ പഠിക്കുകയായിരുന്നു. ഹിന്ദി, ഇംഗ്ലീഷ്, ഉറുദു ഭാഷകളിൽ പ്രാവീണ്യമുണ്ട്.
വിവരങ്ങൾ അറിയിക്കാൻ എഫ്ബിഐ എമർജൻസി നമ്പർ പുറത്തിറക്കിയിട്ടുണ്ട്. മയൂഷിയുടെ അച്ഛൻ വികാസ് ഭഗത് വഡോദര മുനിസിപ്പൽ കോർപ്പറേഷനിലാണ് ജോലി ചെയ്യുന്നത്. ‘മെയ് 1 ന് മയൂഷി എനിക്ക് വാട്ട്‌സ്ആപ്പിൽ സന്ദേശം അയച്ചു. മെയ് 3 വരെ വീട്ടിൽ ഉണ്ടാകില്ലെന്ന് പറഞ്ഞു. മയൂഷി അസ്വസ്ഥയായിരുന്നെങ്കിലും തന്നെ വിളിക്കാൻ ശ്രമിക്കുന്നതിൽ നിന്ന് വിലക്കിയിരുന്നുവെന്ന് ‘ പിതാവ് പറയുന്നു.















