വയനാട്: മാനന്തവാടിയിൽ കോളേജ് ബസ് ഡ്രൈവറെ മർദ്ദിച്ച് സംഘം. ബസ് തടഞ്ഞിട്ടായിരുന്നു സംഘത്തിന്റെ മർദ്ദനം. നടവയിലിലെ സിഎം കോളേജിലെ ബസ് ഡ്രൈവർ പി.എസ്. ഷിൻസാണ് മർദ്ദനത്തിന് ഇരയായത്.സംഭവത്തിൽ കോളേജ് അധികൃതർ പോലീസിൽ പരാതി നൽകിയിരുന്നു.
ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ ആയിരുന്നു ആക്രമണം. വിദ്യാർത്ഥികളെ കൊണ്ടുവിടാൻ പോകുന്നതിനിടയിലായിരുന്നു മർദ്ദനം. ഒരു സംഘം വഴിയിൽ തടഞ്ഞ് വച്ചായിരുന്നു മർദ്ദിച്ചത്. പരിക്കേറ്റ ഡ്രൈവർ ഷിൻസ് മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. സിഎം കോളേജിൽ പഠനം പൂർത്തിയാക്കിയ ഒരു വിദ്യാർത്ഥിനി ഭർത്താവിനൊപ്പം സർട്ടിഫിക്കറ്റ് വാങ്ങാൻ ഇന്നലെ കോളേജിൽ എത്തിയിരുന്നു. വാഹനത്തിന് സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ട് കോളേജിൽവെച്ച് വാക്കുതർക്കവുമുണ്ടായി. ഇതാണ് മർദ്ദനത്തിൽ കലാശിച്ചതെന്നാണ് സൂചന.















