അഹമ്മദാബാദ്: ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ-1 ജനുവരിയിൽ ലക്ഷ്യസ്ഥാനത്ത് എത്തുമെന്ന് ഐഎസ്ആർഒ ചെയർമാർ എസ്‍ സോമനാഥ്. ജനുവരി ആറിനാണ് ആദിത്യ എൽ-1 ഒന്നാം ലാഗ്രാഞ്ച് പേയിന്റിലെത്തുന്നത്. അഹമ്മദാബാദില്‍ സംഘടിപ്പിച്ച ഭാരതീയ വിജ്ഞാന്‍ സമ്മേളനം അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
‘ഭൂമിയിൽ നിന്ന് 1.5 ദശലക്ഷം കിലോമീറ്റർ അകലെയാണ് ആദിത്യ എൽ-1ന്റെ ലക്ഷ്യസ്ഥാനമായ ഒന്നാം ലാഗ്രാഞ്ച് പേയിന്റ്. ലക്ഷ്യ സ്ഥാനത്തെത്തുന്ന സമയം പിന്നീട് പ്രഖ്യാപിക്കുന്നതായിരിക്കും. പേടകത്തിന്റെ പ്രവർത്തനങ്ങൾ തൃപ്തികരമാണ്. ആദിത്യ എൽ-1 ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ സൂര്യന്റെ ചിത്രങ്ങൾ പകർത്തുകയും പങ്കുവയ്‌ക്കുകയും ചെയ്യും. ഇത് വിജയകരമായി എൽ-1 പോയിന്റിലെത്തി കഴിഞ്ഞാൽ അടുത്ത അഞ്ച് വർഷത്തെ സൂര്യനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാകും’.
ഇന്ത്യക്ക് മാത്രമല്ല, ലോകത്തിന് വേണ്ടിയും വളരെ പ്രധാനപ്പെട്ട വിവരങ്ങൾ ആദിത്യയില്‍ നിന്ന് ലഭിക്കും. സാങ്കേതികപരമായി ഇന്ത്യ വളരെ ശക്തമായ രാജ്യമായി മാറിക്കൊണ്ടിരിക്കുകയാണ്. ബഹിരാകാശ മേഖലയിലേക്ക് കൂടുതൽ യുവജനങ്ങൾ എത്തുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശപ്രകാരം ഭാരതീയ ബഹിരാകാശ നിലയം എന്ന പേരിൽ ഒരു ഇന്ത്യൻ ബഹിരാകാശ നിലയം നിർമ്മിക്കാൻ ഐഎസ്ആർഒ പദ്ധതിയിട്ടിട്ടുണ്ടെന്നും സോമനാഥ് പറഞ്ഞു.















