ഡെറാഡൂൺ: ഏകീകൃത സിവിൽ കോഡ് തീരുമാനങ്ങൾക്ക് മന്ത്രിസഭ അംഗീകാരം നൽകി. ഏകീകൃത സിവിൽ കോഡ് തയ്യാറാക്കുന്നതിനായി വിദഗ്ധ സമിതി സ്വീകരിച്ച തീരുമാനങ്ങൾക്കാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുടെ അദ്ധ്യക്ഷതയിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ തീരുമാനങ്ങൾക്ക് മന്ത്രിസഭ അംഗീകാരം നൽകിയത്. കാബിനേറ്റ് ചീഫ് സെക്രട്ടറി എസ്എസ് സന്ധുവാണ് ഇക്കാര്യം അറിയിച്ചത്.
സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള സമിതി ജനുവരിയിൽ കരട് സംസ്ഥാന സർക്കാരിന് സമർപ്പിക്കും. അതിന് ശേഷമായിരിക്കും ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനായുള്ള പദ്ധതികൾ ആരംഭിക്കുക.
നിലവിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ഋഷികേശ്-കർണപ്രയാഗ് റെയിൽ പാതയിലെ നവീകരണ പ്രവർത്തനങ്ങൾ ഒരു വർഷത്തേക്ക് നിർത്തിവെച്ചു. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ, പ്രതിരോധ സേന തുടങ്ങിയ പ്രിലിമിനറി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് നൽകുന്ന സാമ്പത്തിക സഹായം 50,000 രൂപയിൽ നിന്ന് ഒരു ലക്ഷമായി ഉയർത്താനും മന്ത്രിസഭ തീരുമാനിച്ചു.















