ന്യൂ ഡൽഹി: ചൈനീസ് പൗരന്മാർക്ക് ചട്ടം ലംഘിച്ച് വിസ അനുവദിക്കുന്നതിന് പണം വാങ്ങിയ കേസിൽ കാർത്തി ചിദംബരം ഇ ഡിക്ക് മുന്നിൽ ഹാജരായി. ഇ ഡി കാർത്തിയുടെ മൊഴി രേഖപ്പെടുത്തി.
ശിവഗംഗ ലോകസഭാ സീറ്റിലെ കൊണ്ഗ്രെസ്സ് എം പിയാണ് കാർത്തി ചിദംബരം. ഇദ്ദേഹം മുൻ ആഭ്യന്തര മന്ത്രി പി ചിദംബരത്തിന്റെ മകനാണ്.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ (പിഎംഎൽഎ) വകുപ്പുകൾ പ്രകാരമാണ് ഇ ഡി കാർത്തി ചിദംബരത്തിന്റെ മൊഴി രേഖപ്പെടുത്തിയത്.
പഞ്ചാബിൽ പവർ പ്ലാന്റ് സ്ഥാപിക്കുന്ന വേദാന്ത ഗ്രൂപ്പ് കമ്പനിയായ തൽവണ്ടി സാബോ പവർ ലിമിറ്റഡിന്റെ (ടിഎസ്പിഎൽ) ഉന്നത ഉദ്യോഗസ്ഥൻ കാർത്തിക്കും അദ്ദേഹത്തിന്റെ അടുത്ത അനുയായി എസ് ഭാസ്‌കരരാമനും 50 ലക്ഷം രൂപ കിക്ക്ബാക്ക് നൽകിയെന്നതാണ് ഇ ഡി കേസ്.
സിബിഐയുടെ പരാതിയെ തുടർന്നാണ് ഇഡി കേസ് റെജിസ്റ്റർ ചെയ്തത്. കഴിഞ്ഞ വർഷം സിബിഐ ചിദംബരത്തിന്റെ കുടുംബവീടുകളിൽ റെയ്ഡ് നടത്തുകയും ചിദംബരത്തിന്റെ അടുത്ത അനുയായി എസ് ഭാസ്‌കരരാമനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
പവർ പ്രോജക്ട് സ്ഥാപിക്കുന്നതിനുള്ള ജോലികൾ ഒരു ചൈനീസ് കമ്പനിക്കാണ് നൽകിയിരുന്നത്.മാനസ ആസ്ഥാനമായുള്ള പവർ പ്ലാന്റിൽ ജോലി ചെയ്യുന്ന ചൈനീസ് തൊഴിലാളികൾക്കുള്ള പ്രോജക്ട് വിസ വീണ്ടും അനുവദിക്കുന്നതിനായി ടിഎസ്പിഎൽ അസോസിയേറ്റ് വൈസ് പ്രസിഡന്റായിരുന്ന വികാസ് മഖാരിയ, ഭാസ്‌കരരാമനെ സമീപിച്ചു. തുടർന്ന് അയാൾ വഴി കാർത്തിയിലേക്ക് എത്തി.
പി ചിദംബരം ആഭ്യന്തര മന്ത്രിയായിരിക്കെ 2010ൽ വൈദ്യുതി, സ്റ്റീൽ മേഖലയ്‌ക്കായി ഏർപ്പെടുത്തിയ ഒരു പ്രത്യേക സൗകര്യമാണ് “പ്രോജക്ട് വിസ”. ഇത് നൽകുന്നതിന് വിശദമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നുവെങ്കിലും പ്രോജക്ട് വിസകൾ വീണ്ടും അനുവദിക്കുന്നതിനോ പുനരുപയോഗം ചെയ്യുന്നതിനോ വ്യവസ്ഥകളൊന്നും ഉണ്ടായിരുന്നില്ല. ഇന്ത്യയിൽ പ്രവർത്തിക്കുന്ന വിദേശ കമ്പനികൾക്കു മാർഗ നിർദേശം അനുസരിച്ചുള്ള വിസകളുടെ എണ്ണത്തിലും പരിധി ഉണ്ടായിരുന്നു. എന്നാൽ ഈ ചൈനീസ് കമ്പനിയുടെ ഉദ്യോഗസ്ഥർക്ക് അനുവദിച്ച 263 പ്രൊജക്റ്റ് വിസകൾ ഒരു പിൻവാതിൽ ഇടപാട് വഴി പുനരുപയോഗിക്കാൻ അനുമതി നൽകിക്കൊണ്ട് ചട്ടങ്ങൾ ലംഘിക്കപ്പെട്ടു.
263 ചൈനീസ് തൊഴിലാളികൾക്ക് പ്രോജക്ട് വിസ വീണ്ടും അനുവദിക്കാൻ ടിഎസ്പിഎൽ ആവശ്യപ്പെട്ടിരുന്നു. ഇതിനായി കൈക്കൂലിയായി 50 ലക്ഷം രൂപ കൈമാറ്റം ചെയ്തതായി സിബിഐ എഫ്ഐആർ പറയുന്നു. നിയമപരമായ സാധുത ഇല്ലാത്ത ഈ വിസ അനുമതി അന്നത്തെ ആഭ്യന്തര മന്ത്രി നടത്തിക്കൊടുക്കുകയായിരുന്നു എന്നാണ് അനുമാനം.
ഈ കേസ് തനിക്കെതിരായ പീഡനവും വേട്ടയും ആണെന്നും തന്നിലൂടെ തന്റെ പിതാവിനെ (മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം) ലക്ഷ്യം വയ്‌ക്കാനുള്ള ശ്രമമാണെന്നും കാർത്തി നേരത്തെ പറഞ്ഞിരുന്നു. 263 പേരുടെ വിസ പ്രക്രിയയിൽ ഒരു ചൈനീസ് പൗരനെപ്പോലും അദ്ദേഹം സഹായിച്ചിട്ടില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് എംപി പറഞ്ഞിരുന്നു.
ഐഎൻഎക്‌സ് മീഡിയ, എയർസെൽ-മാക്‌സിസ് കേസുകൾ കൂടാതെ ഇഡി അന്വേഷിക്കുന്ന കാർത്തിക്കെതിരെയുള്ള മൂന്നാമത്തെ കള്ളപ്പണം വെളുപ്പിക്കൽ കേസാണിത്.
2011 ൽ ചില ചൈനീസ് പൗരന്മാർക്ക് വിസ അനുവദിച്ചതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് എംപി കാർത്തി ചിദംബരം ശനിയാഴ്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.