തഞ്ചാവൂർ: പെരിയകോവിൽ എന്ന അറിയപ്പെടുന്ന തഞ്ചാവൂർ ബൃഹദീശ്വര ക്ഷേത്രം അഥവാ രാജരാജേശ്വരക്ഷേത്രംഎന്നും കാഴ്ചക്കാർക്ക് ഒരു അത്ഭുതമാണ്. ക്രിസ്തുവർഷം എ ഡി 1000 ൽ രാജരാജ ചോളന്റെ കാലത്താണ് ക്ഷേത്രം നിർമ്മിച്ചത്. അതിമനോഹരമായ നിർമ്മിതിയായ ഈ ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളിലായി പലതരത്തിലുള്ള ശിലാലിഖിതങ്ങൾ കാണുന്നുണ്ട്. 
Pic. Aadhithyan Pandian
ക്ഷേത്രനിർമ്മാണ വേളയിൽ, നിർമ്മാണത്തെക്കുറിച്ചും, അതിനായി ക്ഷേത്രത്തിൽ നിയമിച്ച ഉദ്യോഗസ്ഥനെക്കുറിച്ചും, അവർക്ക് നൽകിയ ശമ്പള വിവരങ്ങളെ കുറിച്ചും, നിർമ്മാണ വേളയിൽ ഉണ്ടായ സംഭവവികാസങ്ങളെക്കുറിച്ചുമുള്ള, ദിനസരിക്കണക്കുകൾ ഈ ശിലാലിഖിതങ്ങളിൽ ഉൾപ്പെടുന്നു.

ചോള സാമ്രാജ്യത്തിന് ശേഷം പാണ്ഡ്യരുടെയും നായ്‌ക്കരുടേയും മാറാത്തക്കാരുടെയും വകയായ ലിഖിതങ്ങളും ഇവിടെയുണ്ട്. തമിഴകത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിലേക്കും ചരിത്രത്തിലേക്കു വെളിച്ചം വീഴ്‌ത്തുന്ന പല വസ്തുതകളും ഈ ലിഖിതങ്ങളിൽ ഉറങ്ങിക്കിടപ്പുണ്ട്.
രാജ്യത്തുടനീളം ഉള്ള ക്ഷേത്രലിഖിതങ്ങൾ ഡിജിറ്റലായി രേഖപ്പെടുത്താനുള്ള കേന്ദ്രസർക്കാർ പദ്ധതിയുടെ ഭാഗമായി തഞ്ചാവൂർ ക്ഷേത്രത്തിലെ ലിഖിതങ്ങൾ രേഖപ്പെടുത്തി വെക്കാനുള്ള നടപടി തുടങ്ങി. തഞ്ചാവൂർ കൂടാതെ തമിഴ്നാട്ടിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലെയും ശിലാലിഖിതങ്ങൾ ഡിജിറ്റലായി രേഖപ്പെടുത്തുവാൻ കേന്ദ്ര പദ്ധതി തയ്യാറായിട്ടുണ്ട്.

Pic; Ram Iyengar
പുരാവസ്തു വകുപ്പിലെ ശിലാ ലിഖിത ഗവേഷണ വിഭാഗം ഡയറക്ടർ മുനിരത്നത്തിന്റെ നിർദ്ദേശമനുസരിച്ച് തഞ്ചാവൂർ ജില്ലാ പുരാവസ്തു വകുപ്പ് അസിസ്റ്റന്റ് മെയിന്റനൻസ് ഓഫീസർ സീതാ രാമന്റെ മേൽനോട്ടത്തിൽ ഏഴംഗസംഘം തഞ്ചാവൂർ പെരിയ കോവിലിൽ ലിഖിതങ്ങൾ കമ്പ്യൂട്ടറിൽ പകർത്തുന്ന ജോലി തുടങ്ങി കഴിഞ്ഞു.
തഞ്ചാവൂരിലും പരിസരത്തുമുള്ള മഹത്തായ ചോള ക്ഷേത്രങ്ങൾ യുനെസ്കോയുടെ ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. രാജരാജൻ ഒന്നാമൻ പണികഴിപ്പിച്ച തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം , രാജേന്ദ്രചോളൻ ഒന്നാമൻ നിർമ്മിച്ച ഗംഗൈകൊണ്ട ചോളപുരത്തുള്ള ബൃഹദീശ്വര ക്ഷേത്രം , രാജരാജൻ രണ്ടാമൻ പണികഴിപ്പിച്ച കുംഭകോണത്തെ ഐരാവതേശ്വര ക്ഷേത്രം എന്നിവയാണ് മഹത്തായ ചോള ക്ഷേത്രങ്ങൾ.















