പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്നും കേന്ദ്ര സർക്കാരിൽ നിന്നും കായികതാരങ്ങൾക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് അത്ലറ്റിക് താരവും അർജുന അവാർഡ് ജേതാവുമായ ശ്രീശങ്കർ മുരളി. എന്നാൽ സംസ്ഥാന സർക്കാരിൽ നിന്നും കായികതാരങ്ങൾക്ക് അത്തരം പ്രോത്സാഹനം ലഭിക്കുന്നില്ലെന്നും
സംസ്ഥാനത്തെ കായിക മേഖല പുരോഗതി കൈവരിക്കേണ്ടതുണ്ടെന്നും ശ്രീശങ്കർ മുരളി പറഞ്ഞു.
അർജുന അവാർഡ് പ്രതീക്ഷിച്ചിരുന്നു. ഒളിമ്പിക്സ് അടക്കമുള്ള വരാനിരിക്കുന്ന അവസരങ്ങളിലേക്കുള്ള പ്രചോദനമായി പുരസ്‌കാരത്തെ കാണുന്നുവെന്നും ശ്രീശങ്കർ കൂട്ടിച്ചേർത്തു. ഈ വർഷത്തെ അർജുന അവാർഡ് പട്ടികയിലെ ഏക മലയാളിയാണ് ശ്രീശങ്കർ മുരളി.
ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കും അർജുന അവാർഡ് ലഭിച്ചിരുന്നു. ആകെ 26 കായികതാരങ്ങളാണ് അർജുന അവാർഡിന് അർഹരായത്. ദേശീയ കായിക മന്ത്രാലയമാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. 2024 ജനുവരി ഒൻപതിന് രാഷ്‌ട്രപതി ഭവനിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.