അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദി ആത്മനിർഭർ ഭാരത് പദ്ധതിയിലൂടെ രാജ്യത്തെ ജനങ്ങൾക്ക് ദിശാബോധം നൽകിയതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രധാനമന്ത്രിയുടെ ആത്മനിർഭർ ഭാരത് എന്ന ക്യാമ്പെയ്ൻ ജനങ്ങളെ വ്യാപാരത്തിലേക്കും മറ്റ് മേഖലകളിലേക്കും ആകർഷിച്ചു. ബഹിരാകാശം, ഗവേഷണം, പ്രതിരോധം എന്നീ മേഖലകൾക്ക് അദ്ദേഹം പ്രത്യേകം ശ്രദ്ധ നൽകി. ഇത് രാജ്യത്തെ കൂടുതൽ പുരോഗതിയിലേക്ക് നയിച്ചതായും അമിത് ഷാ പറഞ്ഞു.
പ്രധാനമന്ത്രി എല്ലാമേഖലകളുടെ വികസനത്തിനും പ്രത്യേകം ശ്രദ്ധപതിപ്പിച്ചു. അടിസ്ഥാന ജനവിഭാഗങ്ങളുടെ പുരോഗതി ലക്ഷ്യമിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ. വഴിയോരക്കച്ചവടക്കാർക്ക് വരെ സർക്കാരിന്റെ സഹായം നേരിട്ടെത്തി. അവർക്കായി പ്രധാനമന്ത്രി ആത്മനിർഭർ നിധി നടപ്പിലാക്കി. കച്ചവടത്തിനായുള്ള വായ്പകൾ അവർക്ക് ആവശ്യാനുസരണം ഇപ്പോൾ ലഭിക്കുന്നുണ്ട്. അമിത് ഷാ പറഞ്ഞു.
കൊവിഡ് മഹാമാരി വന്നപ്പോഴും സർക്കാർ സഹായം ജനങ്ങളിലേക്ക് നേരിട്ടെത്തി. ഭാരതം സ്വന്തമായി വാക്‌സിൻ നിർമ്മിച്ച് ജനങ്ങൾക്ക് നൽകി. സ്വന്തമായി വാക്‌സിൻ നിർമ്മിച്ച് രോഗപ്രതിരോധം തീർത്ത ആദ്യ രാജ്യം ഭാരതമാണ്. സർക്കാരിന്റെ എല്ലാ പദ്ധതികളും സാധാരണക്കാരുടെ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്. 60 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്നും മുക്തി നേടിയത് അതിന്റെ തെളിവാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് 60കോടി ജനങ്ങളെയും ദാരിദ്ര്യത്തിൽ നിന്നും കൈപിടിച്ചുയർത്തിയതെന്നും അമിത് ഷാ പറഞ്ഞു. അഹമ്മദാബാദിൽ പൊതുചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.















