തൃശൂർ: ചാലക്കുടി എസ്‌ഐ അഫ്‌സലിനെതിരെ നടത്തിയ കൊലവിളി പ്രസംഗത്തിൽ എസ്എഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം ഹസൻ മുബാറക്കിനെതിരെ പോലീസ് കേസെടുത്തു. ഹസൻ മുബാറക്കിനെതിരെ പോലീസ് കേസെടുക്കാത്തത് നേരത്തെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾക്കെതിരെ ചാലക്കുടി പോലീസ് കേസെടുത്തത്. ഇന്നലെയാണ് ചാലക്കുടി എസ്ഐയുടെ കയ്യും കാലും തല്ലി ഓടിക്കുമെന്നും ജയിൽ പുല്ലാണെന്നുമാണ് ഹസൻ മുബാറക് പറഞ്ഞത്. ചാലക്കുടി ഐടിഐ തിരഞ്ഞെടുപ്പിലെ എസ്എഫ്ഐ വിജയത്തിന് പിന്നാലെ പ്രവർത്തകർ പോലീസ് ജീപ്പിന്റെ ചില്ല് തകർത്തിരുന്നു. ജീപ്പ് അടിച്ച് തകർത്തതിനെ തുടർന്ന് പോലീസ് ലാത്തി ചാർജും നടത്തി. ഇതാണ് എസ്ഐയ്‌ക്കെതിരെ ഹസൻ മുബാറക്ക് കൊലവിളി പ്രസംഗം നടത്താൻ കാരണമായത്.
കുട്ടികളോട് ഇങ്ങനെ പെരുമാറിക്കഴിഞ്ഞാൽ രണ്ട് കയ്യും കാലും തല്ലിയൊടിക്കും. വിയ്യൂരിൽ കിടന്നാലും കണ്ണൂരിൽ കിടന്നാലും പൂജപ്പുര കിടന്നാലും ഞങ്ങൾക്കത് പുല്ലാണ്. ഏതെങ്കിലും ജയിൽ കാണിച്ചോ ലാത്തി കാണിച്ചോ എസ്എഫ്ഐയെ തടയാമെന്ന് വിചാരിച്ചാൽ നിങ്ങൾ മണ്ടന്മാരുടെ സ്വർഗത്തിലാണ് എന്നായിരുന്നു ഹസൻ ഭീഷണി മുഴക്കിയത്. എസ്‌ഐയ്‌ക്കെതിരെ പരസ്യമായാണ് ഹസൻ കൊലവിളി പ്രസംഗം നടത്തിയത്. പോലീസിനെതിരെയുള്ള എസ്എഫ്‌ഐ പ്രവർത്തകരുടെ പ്രതിഷേധ പ്രകടനത്തിനിടെയാണ് കൊലവിളി പ്രസംഗം.