ഓം നമ:ശിവായ.
മഞ്ഞിൻ പുതപ്പിട്ട ധനു വണഞ്ഞല്ലോ
ഭഗവാന്റെ തിരുനാളാം തിരുവാതിരയായി
ആതിര പൂനുളളി ചൂടിടേണം
ഈണത്തിൽ താളത്തിൽ മങ്കമാർ ആടേണം
അലിവോടെയരുളേണം മുക്തിയും, സൗഖ്യവും
ധന്യമായ് തീർക്കേണമീ ജന്മവും ഭഗവാനേ….
ധനുമാസമായി. ഭഗവാൻ പരമശിവന്റെ തിരുനാളായ തിരുവാതിര ആഗതമായി, ഉത്തമ മംഗല്യ സിദ്ധിക്കായി മങ്കമാർ ധനുമാസത്തിലെ തിരുവാതിര വ്രതം നോറ്റ്, പാർവ്വതീപരമേശ്വരൻമാരുടെ അനുഗ്രഹം നേടുന്നു എന്ന് സങ്കൽപ്പം.
ഭഗവാൻ ശിവന്റെ ജന്മനക്ഷത്രമായ തിരുവാതിര നാളിലാണ് ശിവപാർവ്വതീ വിവാഹ ദിവസമായും, ഈ ദിവസം കാമദേവന് ഭഗവാൻ പുനർജന്മം നൽകി എന്നും പുരാണങ്ങളിൽ പരാമർശിക്കുന്നു. ശ്രീപാർവ്വതീദേവി തുടക്കം കുറിച്ച തിരുവാതിരവ്രതം ,കന്യകമാർ അനുരൂപനായ വരനെ ലഭിക്കുന്നതിനും, മംഗല്യവതികളായ മങ്കമാർ കുടുംബ ഐശ്വര്യത്തിനും, ദീർഘമാംഗല്യത്തിനുമായി അനുഷ്ഠിച്ചു വരുന്നു.
തിരുവാതിര ഐതിഹ്യം.
ദക്ഷയാഗത്തിൽ ക്ഷണിക്കാതെ പോയ സതീദേവിയെ ദക്ഷൻ അപമാനിച്ചു. ഇതിൽ മനംനൊന്ത സതീദേവി ദേഹത്യാഗം ചെയ്തു. ഈ വിവരമറിഞ്ഞ ഭഗവാൻ പരമേശ്വരൻ ദക്ഷനെ വധിക്കുകയും ചെയ്തു. പിന്നീട് പരമശിവൻ ഹിമാലയത്തിൽ പോയി നീണ്ട തപസ്സനുഷ്ഠിച്ചു.. സതീദേവി പാർവ്വതിയായി പുനർജനിച്ച് ശ്രീപരമേശ്വരനെ തന്നെ ഭർത്താവയി ലഭിക്കാൻ പിതാവിന്റെ അനുഗ്രഹത്തോടു കൂടി മഹാദേവനെ പൂജിക്കാനും തപസ്സ് ചെയ്യാനും തുടങ്ങി. ഈ സമയത്താണ് താരകാസുരന്റെ ഉപദ്രവത്തിൽ നിന്നും ദേവന്മാരെ രക്ഷിക്കാൻ ശിവപുത്രന് മാത്രമേ സാധിക്കൂ എന്നതിനാൽ ദേവന്മാർ കാമദേവനോട് ശിവനേയും പാർവ്വതീദേവിയേയും ഒന്നിപ്പിക്കാൻ അഭ്യർത്ഥിച്ചത്.
ദേവന്മാരുടെ അഭ്യർത്ഥന മാനിച്ച് തപസ്സനുഷ്ഠിക്കുകയായിരുന്ന പരമശിവന് നേരെ കാമദേവൻ പുഷ്പബാണം അയച്ചു. ഇതോടെ ശിവന്റെ യോഗനിദ്രക്ക് തടസ്സം വന്നു. അതിനു കാരണക്കാരനായ കാമദേവനെ പരമശിവൻ മൂന്നാം തൃക്കണ്ണ് തുറന്ന് കോപാഗ്നിയിൽ ദഹിപ്പിച്ചു. ഭർത്താവിന്റെ വിയോഗത്താൽ ദുഃഖിതയായ കാമദേവന്റെ പത്നി രതീദേവി ഊണും ഉറക്കവുമില്ലാതെ വിലപിക്കുകയും ശ്രീപാർവ്വതീ ദേവിയോട് സങ്കടമുണർത്തിക്കുകയും ചെയ്തു.രതീദേവിയുടെ വിലാപത്തിൽ ദു:ഖിതയായ പാർവ്വതീ ദേവിയും ജലപാനങ്ങളുപേക്ഷിച്ച് പരമശിവനെ പ്രാർത്ഥിക്കാൻ തുടങ്ങി.
എല്ലാവരുടേയും പ്രാർത്ഥനയിലും വ്രതാനുഷ്ഠാനങ്ങളിലും സംപ്രീതനായ പരമശിവൻ കാമദേവനെ പുനർജീവിപ്പിച്ചു.തുടർന്ന് അദ്ദേഹം പാർവ്വതീ ദേവിയിൽ അനുരക്തനാവുകയും ദേവിയെ പത്നിയായി സ്വീകരിക്കുകയും ചെയ്തു. വിവാഹത്തിൽ പാർവ്വതീ ദേവി ആനന്ദിച്ചതിന്റെ ഓർമക്കായാണ് മകീര്യവും തിരുവാതിരയും ചേർന്ന നാളിൽ തിരുവാതിര വ്രതം ആഘോഷിക്കുന്നത് എന്നാണ് ഐതിഹ്യം. തിരുവാതിരനാളിലെ വ്രതം ഇഷ്ട വിവാഹത്തിനും, ഉത്തമ ദാമ്പത്യത്തിനുമായാണ് ആചരിക്കുന്നത്.
രുചിയേറും തിരുവാതിരപ്പുഴുക്ക്; എട്ടങ്ങാടിയുടെ ഔഷധ മൂല്യങ്ങൾ അറിയാം.
വായിക്കുവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
രുചിയേറും തിരുവാതിരപ്പുഴുക്ക്; എട്ടങ്ങാടിയുടെ ഔഷധ മൂല്യങ്ങൾ അറിയാം
തിരുവാതിര എട്ടങ്ങാടി.
തിരുവാതിര നോയമ്പിൽ അരിയാഹാരം ഉപയോഗിക്കാൻ പാടില്ല. ചേന,ചേമ്പ്, കൂർക്ക,നനകിഴങ്ങ്, ചെറുചേമ്പ്, ചെറുകിഴങ്ങ്, മധുരക്കിഴങ്ങ്, നേന്ത്രക്കായ എന്നിവ കനലിൽ ചുട്ട് പ്രത്യേകമായി തയ്യാറാക്കുന്ന നിവേദ്യ പ്രസാദം അന്നേ ദിവസം കഴിക്കണം. . ഈ നിവേദ്യത്തിന് എട്ടങ്ങാടി എന്നാണ് പറയുന്നത്. മകയിരം നക്ഷത്ര ദിവസം സന്ധ്യാ സമയം വരുന്ന സമയത്താണ് എട്ടങ്ങാടി നിവേദിക്കേണ്ടത്.
ഗണപതി, പാർവ്വതി, പരമശിവൻ എന്നീ ദേവതകൾക്ക് എട്ടങ്ങാടി നിവേദിക്കണം. , ഗോതമ്പ്, കുവ കുറുക്കിയത് മുതലായവയൊക്കെ കഴിക്കാവുന്നതാണ്. നേന്ത്രക്കായയും, കിഴങ്ങുകളും, വൻപയറുമെല്ലാം ചേർത്ത് തയ്യാറാക്കുന്ന തിരുവാതിര പുഴുക്കും വിശേഷമാണ്.
തിരുവാതിര ജപം.
തിരുവാതിര വ്രതം അനുഷ്ഠിക്കുന്ന വിവാഹിതരായ സ്ത്രീകൾ
“ഓം ശിവശക്തൈക്യ രൂപിണ്യൈ നമഃ”
എന്ന മന്ത്രം നൂറ്റിയെട്ട് തവണ ജപിക്കുന്നത് ദാമ്പത്യ ക്ലേശങ്ങൾ അകലാനും ഒരുമയ്‌ക്കും കുടുംബ ഭദ്രതക്കും നല്ലതാണ്.
വിവാഹിതരല്ലാത്ത സ്ത്രീകളും പെൺകുട്ടികളും ” ഓം സോമായ നമഃ” എന്ന മന്ത്രം നൂറ്റിയെട്ടു തവണ തിരുവാതിര വ്രതത്തിൽ ജപിക്കുന്നത് ഇഷ്ട ഭർതൃപ്രാപ്തിക്ക് ഉത്തമമാണ്.
അവിവാഹിതരായ പുരുഷന്മാർ “ഓം ഉമാമഹേശ്വരായ നമഃ” എന്ന മന്ത്രം നൂറ്റിയെട്ട് തവണ ജപിക്കുന്നത് വളരെ ഉത്തമമാണ് . പഞ്ചാക്ഷരീ മന്ത്രം, ശിവ സഹസ്രനാമം, ശിവപുരാണം, ഉമാമഹേശ്വര സ്തോത്രം മുതലായവ തിരുവാതിര വ്രതം അനുഷ്ഠിക്കുന്നവർ പാരായണം ചെയ്യുന്നത് ഏറെ ഗുണകരമാണ്.
ദശപുഷ്പ മാഹാത്മ്യം അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
പാതിരാപ്പൂചൂടൽചടങ്ങ്
തിരുവാതിര നക്ഷത്രം രാത്രിയിൽ വരുന്ന ദിവസമാണ് ഉറക്കമിളക്കേണ്ടത്. തിരുവാതിര വ്രതത്തിൽ ഏറെ വിശേഷപ്പെട്ട ഒന്നാണ് പാതിരാപ്പൂ ചൂടൽ ചടങ്ങ്.ദശപുഷ്പങ്ങൾ തലയിൽ ചൂടുന്ന ചടങ്ങാണിത്. പാതിരാപ്പൂ ചൂടുന്ന ചടങ്ങിൽ ഓരോ പുഷ്പങ്ങളായെടുത്ത് അവയുടെ ദേവതകളെ പ്രാർത്ഥിച്ചുകൊണ്ടും സ്മരിച്ചു കൊണ്ടും പൂ ചൂടാം ഓരോ പുഷ്പം ചൂടുന്നതിനും ഓരോ ഫലങ്ങൾ ആണ്.
ഈ വർഷത്തെ എട്ടങ്ങാടി -തിരുവാതിര ആചരണം.
ഈ വർഷത്തെ എട്ടങ്ങാടി -തിരുവാതിര ആചരിക്കുന്നത് ഡിസംബർ 26 ( ധനു 10 ) ചൊവ്വാഴ്‌ച്ചയാണ്. അന്നേ ദിവസം സന്ധ്യക്ക് എട്ടങ്ങാടി നിവേദ്യവും തുടർന്ന് തിരുവാതിരയും, പാതിരാപ്പൂചൂടലും നടത്തുന്നു. 26-ാംതീയതി ചൊവ്വാഴ്‌ച്ച എട്ടങ്ങാടി നേദ്യം കഴിക്കുന്നതു മുതൽ 27 ബുധനാഴ്‌ച്ച വരെ തിരുവാതിര വ്രതം അനുഷ്ഠിക്കാവുന്നതാണ്.ഡിസംബർ 27 ന് തിരുവാതിര 41 നാഴിക 41 വിനാഴികയാണുള്ളത്. അതുകൊണ്ട് പിറന്നാളായി തിരുവാതിര നക്ഷത്രം വരുന്നത് ഡിസംബർ 27 ( ധനു 11 ) ആണ്.
ഓം ശിവശക്തി ഐക്യരൂപിണ്യൈ നമ:
ഓം ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്ത മം
ശിവമാർഗ്ഗ പ്രണേതാരം
പ്രണതോസ്മി സദാശിവം.
ജ്യോതി വർമ്മ എൽ ആർ,
സെക്രട്ടറി, ക്ഷത്രിയക്ഷേമ സഭ, പന്തളം.