മലപ്പുറം:പൊന്നാനി കോളിലെ നരണിപ്പുഴ-കുമ്മിപ്പാലം ബണ്ട് തകർന്നു. ബണ്ടിന്റെ 60 മീറ്ററോളം ഭാഗമാണ് തകർന്ന് ഒലിച്ചുപോയത്. സമഗ്ര കോൾ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് കോടി രൂപ ചിലവിൽ നിർമ്മിച്ച ബണ്ടിനാണ് തകരാറ് സംഭവിച്ചിരിക്കുന്നത്.
ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. പൊന്നാനി കോളിലെ നരണിപ്പുഴ-കുമ്മിപ്പാലം ബണ്ട് തകർന്ന് ഏകദേശം 40 ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പുഞ്ചകൃഷി ആരംഭിച്ച വെളിയങ്കോട് പഞ്ചായത്തിലെ നരണിപ്പുഴ-കുമ്മിപ്പാലത്തെ 200 ഏക്കർ പാടശേഖരത്തിലേക്ക് ബണ്ട് തകർന്നതോടെ വെള്ളം കയറി.
60 മീറ്റർ ബണ്ട് പൂർണമായി തകർന്ന് ഒലിച്ചു പോയെന്നാണ് വിവരം. അഞ്ച് മാസം മുമ്പാണ് സമഗ്ര വികസന പദ്ധതിയിൽ മൂന്ന് കോടി രൂപയോളം ചിലവഴിച്ച് ബണ്ട് നിർമ്മിച്ചത്. ബണ്ടിന്റെ അടിഭാഗത്തെ മണ്ണ് താഴ്ന്ന് പോയതാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.















