തൃശൂർ: അയ്യന്തോളിൽ പതിനേഴുവയസുകാരന് കുളത്തിൽ വീണ് ദാരുണാന്ത്യം. കാനാട്ടുക്കര ശാന്തിനഗർ സ്വദേശി സിദ്ധാർത്ഥ് ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. അയ്യന്തോൾ തൃക്കുമാരക്കുടം ക്ഷേത്രക്കുളത്തിലേക്കാണ് സിദ്ധാർത്ഥ് തെന്നി വീണത്.
പടിക്കെട്ടിൽ നിന്നും തെന്നി കുളത്തിലേക്ക് വീഴുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. സിദ്ധാർത്ഥ് വീണതുകണ്ട് സുഹൃത്തുക്കൾ പിന്നാലെ ചാടി രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. ചളിയും പായലും നിറഞ്ഞ കുളമായിരുന്നതിനാൽ രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്‌കരമായിരുന്നു.
തുടർന്ന് തൃശൂരിൽ നിന്നും അഗ്നിരക്ഷാസേനയെത്തി രാവിലെയോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇന്ന് രാവിലെ എട്ടരയോടെയാണ് മൃതദേഹം പുറത്തെടുത്തത്.















