ന്യൂഡൽഹി: ആയിരത്തിലധികം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഫിൻടെക് സ്ഥാപനമായ പേടിഎം. കമ്പനിയുടെ പ്രവർത്തന നഷ്ടം കുറയ്‌ക്കുന്നതിനും ബിസിനസ് കൂടുതൽ വ്യാപിപ്പിക്കുന്നതിനുമാണ് കമ്പനി ലക്ഷ്യം വയ്‌ക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ജീവനക്കാരെ പിരിച്ചുവിടുന്നത്.
പേടിഎമ്മിന്റെ മാതൃകമ്പനി വൺ 97 ആണ് ജീവനക്കാർക്ക് പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട അറിയിപ്പ് നൽകിയിരിക്കുന്നത്. വിവിധ ഡിപ്പാർട്ടുമെന്റുകളിലായി ജോലി ചെയ്യുന്ന ആയിരം ജീവനക്കാരെയാണ് പിരിച്ചുവിടാൻ ഒരുങ്ങുന്നത്. എന്നാൽ കഴിഞ്ഞ കുറച്ചുമാസങ്ങളിലായി പിരിച്ചുവിടൽ നടക്കുന്നുണ്ടെന്ന് പുറത്താക്കപ്പെട്ട ജീവനക്കാരിൽ ചിലർ വ്യക്തമാക്കി.
പേയ്‌മെന്റ്, വായ്പ, ഓപ്പറേഷൻസ്, സെയിൽസ് എന്നീ വിഭാഗങ്ങളിലായി പ്രവർത്തിക്കുന്ന ജീവനക്കാരെയാണ് പിരിച്ചുവിടുക. ഫിൻടെക് കമ്പനികളിൽ നടന്നുവരുന്നതിൽ വച്ച് ഏറ്റവും വലിയ പിരിച്ചുവിടലാണ് പേടിഎമ്മിൽ നടക്കുന്നത്.