പത്തനംതിട്ട: ഒരു മാസത്തിന് ശേഷം റോബിൻ ബസ് വീണ്ടും സർവ്വീസ് ആരംഭിച്ചു. പുലർച്ചെ അഞ്ച് മണിക്ക് തന്നെ പത്തനംതിട്ടയിൽ നിന്ന് ബസ് സർവ്വീസ് ആരംഭിച്ചു. മുൻകൂട്ടി ബുക്ക് ചെയ്ത 13 യാത്രക്കാരായിരുന്നു സർവ്വീസ് ആരംഭിച്ചപ്പോൾ ഉണ്ടായിരുന്നത്. 41 പേരാണ് പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേയ്‌ക്കുള്ള യാത്രക്കായി ബുക്ക് ചെയ്തിരിക്കുന്നത്. ബാക്കിയുള്ളവർ യാത്രായ്‌ക്കിടെ ബസിൽ കയറും.
അതേസമയം യാത്ര ആരംഭിച്ച് രണ്ട് മണിക്കൂർ പിന്നിട്ടപ്പോൾ തന്നെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസ് തടഞ്ഞു നിർത്തി. മൈലപ്രയ്‌ക്ക് സമീപത്തുവച്ചാണ് എംവിഡി ബസ് തടഞ്ഞത്. മൂന്ന് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരടങ്ങുന്ന സംഘമാണ് ബസ് തടഞ്ഞുനിർത്തി പരിശോധന നടത്തിയത്. ഏകദേശം 20 മിനിട്ടിലേറെ പരിശോധന നടത്തിയ ശേഷമാണ് ബസ് വിട്ടയച്ചത്.
നിലവിൽ ബസിൽ യാത്ര ചെയ്യുന്ന എല്ലാവരും ബുക്ക് ചെയ്തവർ തന്നെയാണ്. അതിൽ ഒരു തരത്തിലും എംവിഡിയ്‌ക്ക് നടപടികൾ സ്വീകരിക്കാനാകില്ലെന്ന് ഉടമ പറഞ്ഞു. സമാനമായ രീതിയിൽ ഇനി കൂടുതൽ ബസുകൾ പ്രതീക്ഷിക്കാമെന്നും ഉടമ അറിയിച്ചു.















