റായ്പൂർ: കീഴടങ്ങിയ കമ്യൂണിസ്റ്റ് ഭീകരനെ അമ്മാവനും കൂട്ടാളികളും ചേർന്ന് കൊലപ്പെടുത്തി റോഡിൽ തള്ളി. ഛത്തീസ്ഗഡിലെ ബീജാപൂരിലാണ് കൊലപാതകം നടന്നത്. ഛോട്ടു കുർസാം എന്ന യുവാവിന്റെ മൃതദേഹമാണ് ഗോൺ ഗ്രാമത്തിന് സമീപമുള്ള റോഡിൽ നിന്നും കണ്ടെത്തിയത്.
കമ്യൂണിസ്റ്റ് ഭീകരസംഘടനയിൽ പ്രവർത്തിച്ചിരുന്ന ഛോട്ടു കുർസാം മാസങ്ങൾക്ക് മുൻപാണ് പോലീസിന് മുൻപിൽ കീഴടങ്ങിയത്. അമ്മാവനായ രാജു കുർസാമും സംഘവുമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.
ഒരു രോഗിയെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് ഛോട്ടു കുർസാമിനെ അമ്മാവനും നാല് കൂട്ടാളികളും ചേർന്ന് തടഞ്ഞു നിർത്തി കൊലപ്പെടുത്തിയത്. മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കഴുത്തറത്ത നിലയിലായിരുന്നു മൃതദേഹം കണ്ടെടുത്തത്.
ഒളിവിൽ പോയ പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. പ്രതികൾക്ക് നക്സലൈറ്റ് ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. നിരോധിത കമ്യൂണിസ്റ്റ് ഭീകരസംഘടനയുടെ സജീവ പ്രവർത്തകനായിരുന്നു കൊല്ലപ്പെട്ട ഛോട്ടു.















