ന്യൂഡൽഹി: വീർ ബാൽ ദിവസിനോടനുബന്ധിച്ച് ലംഗാർ സേവയിൽ പങ്കെടുത്ത് കേന്ദ്ര വാർത്താ വിതരണ പ്രേക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ. ഡൽഹിയിലെ ഗുരുദ്വാരയിൽ സംഘടിപ്പിച്ച ലംഗാർ സേവയിലാണ് കേന്ദ്രമന്ത്രി പങ്കെടുത്തത്. സിഖ് സമുദായത്തിന്റെ സുപ്രധാന ചടങ്ങായ ലംഗാർ സേവയിൽ നിരവധി പേർ പങ്കെടുത്തു.
സിഖുകാരുടെ ഭക്ഷണമായ ലംഗാർ വിളമ്പുകയും കുട്ടികളുമായി സംവദിക്കുകയും ചെയ്യുന്ന അനുരാഗ് ഠാക്കൂറിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. സമൂഹമാദ്ധ്യമത്തിലൂടെ അദ്ദേഹം തന്നെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. സമത്വത്തിനും ഐക്യത്തിനും ഊന്നൽ നൽകുന്നതിന്റെ അടയാളമായാണ് ലംഗാർ സേവ നടത്തുന്നത്. പാവപ്പെട്ടവനെന്നോ സമ്പന്നനെന്നോ യാതൊരു വേർതിരിവും ഇല്ലാതെ എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതാണ് ലംഗാർ സേവയുടെ സവിശേഷത.
ഭാരതീയരുടെ ധൈര്യത്തെ ഓർമ്മപ്പെടുത്തുന്ന ദിനം കൂടിയാണ് വീർ ബാൽ ദിവസ്. ഗുരു ഗോബിന്ദ് സിംഗിന്റെ മക്കളായ സാഹിബ്‌സാദ ബാബ സൊരാവർസിംഗ്, ബാബ ഫത്തേസിംഗ്, ജുജാർസിംഗ്, അജിത് സിംഗ് എന്നിവരെ ഔറംഗസേബ് കൊലപ്പെടുത്തിയ ദിവസത്തെ ഓർമ്മിക്കുന്നതിനാണ് വീർ ബാൽ ദിവസ് ആചരിക്കുന്നത്. ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വീർ ബാൽ ദിവസിനോടനുബന്ധിച്ച് നിരവധി പരിപാടികൾ സംഘടിപ്പിച്ചിരുന്നു.















