ഹൈദരബാദ്: തെലങ്കാനയിൽ സർക്കാർ അപേക്ഷാ ഫോമുകൾ ഉറുദുവിൽ ലഭ്യമാക്കണമെന്ന ആവശ്യവുമായി എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസി. സർക്കാർ ജനസമ്പർക്ക പരിപാടിയായ പ്രജാപാലന്റെ അപേക്ഷാ ഫോമുകൾ ഉറുദുവിൽ ലഭ്യമാക്കണമെന്ന് ഒവൈസി എക്‌സിലൂടെ ആവശ്യപ്പെട്ടു.
തെലങ്കാനയിലെ ജനങ്ങൾക്ക് ഉറുദു അറിയാം. രണ്ടാമത്തെ പ്രധാന ഭാഷയാണിത്. അതിനാൽ ജനസമ്പർക്ക പരിപാടിയുമായി ബന്ധപ്പെട്ട എല്ലാം കാര്യങ്ങളും ഉറുദുവിൽ കൂടി വേണം. മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എത്രയും വേഗം ഇതിനുള്ള നടപടി കൈക്കൊള്ളണമെന്നും ഒവൈസി എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
ഹൈദരാബാദിൽ നിന്നുള്ള ലോക്‌സഭ എംപിയായ അസദുദ്ദീൻ ഒവൈസി വിവാദ പ്രസ്താവനകൾ കൊണ്ട് ശ്രദ്ധനേടുന്ന ആളാണ്. തെലങ്കാനയിൽ അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) 7 സീറ്റുകളിലാണ് വിജയിച്ചത്.















