എറണാകുളം: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ പാർവ്വതി ദേവിയുടെ നടതുറന്നു. ധനുമാസത്തിലെ തിരുവാതിര നാളിലാണ് നടതുറപ്പ് മഹോത്സവത്തിന് തുടക്കമാകുന്നത്. തിരുവാതിര നാൾ മുതൽ 12 ദിവസമാണ് ക്ഷേത്രത്തിൽ നടതുറപ്പ് മഹോത്സവം ആഘോഷിക്കുന്നത്. ജനുവരി 6ന് രാത്രി 8ന് നടതുറപ്പ് മഹോത്സവം സമാപിക്കും.
വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന, ഏറ്റവും പുണ്യപൂർണ്ണമായ ദിവസങ്ങളാണ് ഇത്. ഇനിയുള്ള 11 ദിനങ്ങൾ ഉമാമഹേശ്വര അനുഗ്രഹത്താൽ ക്ഷേത്രസന്നിധി ഭക്തിസാന്ദ്രമാകും. ഒരാണ്ട് കാത്തിരുന്ന് ദേവിയുടെ അനുഗ്രഹത്തിനായി ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ് തിരുവൈരാണിക്കുളത്തേക്ക് എത്തുക.
നടതുറപ്പുത്സവത്തിന് പ്രാരംഭം കുറിച്ചുള്ള തിരുവാഭരണ ഘോഷയാത്ര ഇന്നലെ വൈകീട്ട് 4.30ന് ക്ഷേത്ര ഐതിഹ്യവുമായി ബന്ധപ്പെട്ട അകവൂർ മനയിലെ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ചു. മഹാദേവനും പാർവതി ദേവിക്കും ചാർത്താനുള്ള തിരുവാഭരണങ്ങളും കെടാവിളക്കിൽ നിന്ന് പകർത്തിയ ദീപവും പ്രത്യേകം അലങ്കരിച്ച രഥത്തിൽ താലം, പൂക്കാവടി, വാദ്യമേളങ്ങൾ എന്നിവയുടെ അകമ്പടിയോടെയാണ് ഘോഷയാത്രയെ ക്ഷേത്രത്തിലേക്ക് ആനയിച്ചത്.
രാത്രി 8ഓടെ തിരുവാഭരണ ഘോഷയാത്ര ക്ഷേത്രത്തിലെത്തി. തിരുവാഭരണങ്ങൾ വിഗ്രഹങ്ങളിൽ ചാർത്തിയശേഷം ആചാരപൂർവ്വമാണ് നടതുറന്നത്. ക്ഷേത്ര ഊരാണ്മക്കാരായ അകവൂർ, വെടിയൂർ, വെൺമണി മനകളിലെ പ്രതിനിധികളും, സമുദായ തിരുമേനിയും, ദേവിയുടെ തോഴി സങ്കൽപ്പമായ പുഷ്പിണിയും, ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളും ചടങ്ങിന് സാക്ഷിയായി.
തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ 4 മുതൽ ഉച്ചക്ക് 1.30 വരെയും, ഉച്ചക്ക് 2 മുതൽ രാത്രി 9 വരെയും പാർവ്വതി ദേവിയുടെ ദർശനം സാധ്യമാകും. ക്ഷേത്രത്തിൽ പാരമ്പര്യ രീതിയിൽ തയ്യാറാക്കുന്ന എട്ടങ്ങാടി നിവേദ്യം ഉണ്ടാകും. അതേസമയം കെഎസ്ആർടിസി വിവിധ ഡിപ്പോകളിൽ നിന്ന് ക്ഷേത്രത്തിലേക്ക് സർവീസുകൾ നടത്തുന്നുണ്ട്. കൂടാതെ തിരക്കൊഴിവാക്കാൻ വെർച്വൽ ക്യു ബുക്കിങ് ഏർപ്പടുത്തിയിട്ടുണ്ട്.