എറണാകുളം: 10 വയസുക്കാരി വൈഗയെ മദ്യം നൽകി പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ പിതാവ് സനുമോഹന് ജീവപര്യന്തവും 1 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങളെല്ലാം തെളിഞ്ഞ സാഹചര്യത്തിലാണ് കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. കൊലപാതകത്തിന് ജീവപര്യന്തം തടവും മറ്റു കുറ്റങ്ങൾക്ക് 28 വർഷവുമാണ് തടവ്. ഈ ശിക്ഷ പൂർത്തിയായതിനു ശേഷമായിരിക്കും ജീവപര്യന്തം ശിക്ഷ തുടങ്ങുക.
തട്ടിക്കൊണ്ടുപോകൽ, ലഹരി അടങ്ങിയ വസ്തുക്കൾ നൽകൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ പരിഗണിച്ചാണ് 28 വർഷത്തെ തടവ് പ്രതിക്ക് വിധിച്ചത്. 70 വയസുള്ള അമ്മയെ നോക്കാൻ ആരുമില്ലെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും സനുമോഹൻ ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് പരിഗണിച്ചില്ല. 11 മണിമുതൽ ശിക്ഷാ വിധിയിൽ വാദം കേട്ട ശേഷമാണ് ഉച്ചയ്‌ക്ക് ശേഷം കോടതി പ്രതിക്ക് ജീവപര്യന്തവും പിഴയും വിധിച്ചത്.















