തിരുവനന്തപുരം: സംസ്ഥാനത്ത് മാദ്ധ്യമ സ്വാതന്ത്ര്യം ഹനിക്കുന്ന നടപടിയുമായി വീണ്ടും കേരളാ പോലീസ്. തിരുവനന്തപുരത്തെ മൂന്ന് മാദ്ധ്യമ പ്രവർത്തകർക്ക് നോട്ടീസ് നൽകുകയും പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്തു. സർക്കാർ വിരുദ്ധ വാർത്തകൾ ജനങ്ങളിലെത്തുന്നത് തടയാനുള്ള പോലീസിന്റെ ശ്രമം വ്യാപക വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.
മഹിളാ മോർച്ച പ്രവർത്തകർക്കെതിരെ ഐപിസി 143, 147, 332, 353, 149, 447 വകുപ്പുകൾ പ്രകാരം മ്യൂസിയം പോലീസ് കേസെടുത്തു.ഇതുമായി ബന്ധപ്പെട്ട് ജനം ടിവി റിപ്പോർട്ടർ രശ്മി കാർത്തിക, ക്യാമറാമാൻ നിതിൻ രാജ്, ജന്മഭൂമി ഫോട്ടോഗ്രാഫർ അനിൽ ഗോപി എന്നിവരോട് ഹാജരാകാൻ നിർദ്ദേശമുണ്ട്. ഡിജിപിയുടെ ഔദ്യോഗിക വസതിയിലേക്ക് മഹിളാ മോർച്ച നടത്തിയ മാർച്ച് റിപ്പോർട്ട് ചെയ്തതാണ് ഹാജരാകാൻ നിർദ്ദേശിക്കാൻ കാരണം.

മാദ്ധ്യമപ്രവർത്തകരോട് വെള്ളിയാഴ്ച രാവിലെ 11 മണിക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് പോലീസ് നോട്ടീസിൽ ഉത്തരവിട്ടിട്ടുണ്ട്. മഹിളാ മോർച്ച പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ച് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർ ഡിജിപിയുടെ ഔദ്യോഗിക വസതിയിലേക്ക് അതിക്രമിച്ച് കയറിയന്നാണ് ആരോപണം.
നവകേരള സദസ്സിൽ മുഖ്യമന്ത്രിക്കെതിരെ കെഎസ്‌യു പ്രവർത്തകർ നടത്തിയ പ്രതിഷേധ വാർത്ത റിപ്പോർട്ട് ചെയ്തതിന് 24 ന്യൂസിലെ മാദ്ധ്യമപ്രവർത്തക വിനിത വിജിക്കെതിരെ ഐപിസി 120 ബി (ക്രിമിനൽ ഗൂഢാലോചന) ചുമത്തിയിരുന്നു.
ഡിജിപിയുടെ ഔദ്യോഗിക വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ മഹിളാ മോർച്ച പ്രവർത്തകരെ പൊലീസ് നീക്കം ചെയ്യുന്ന വീഡിയോ ജനം ടിവി പ്രക്ഷേപണം ചെയ്തിരുന്നു. ഇതിൽ പോലീസ് നടത്തിയ അതിക്രമങ്ങൾ കാണാം. ഈ വാർത്ത റിപ്പോർട്ട് ചെയ്ത ജനം ടിവി റിപ്പോർട്ടർക്കും ക്യാമറാമാനുമാണ് നോട്ടീസ് അയച്ചത്.















