ലക്‌നൗ: സ്ത്രീധനമായി ഒരു ലക്ഷം രൂപയും ബൈക്കും നൽകാത്തതിന് മുത്തലാഖ് ചൊല്ലി ഭർത്താവ് വീട്ടിൽ നിന്ന് പുറത്താക്കിയതായി യുവതിയുടെ പരാതി. എസ്പി ഓഫീസിൽ കെക്കുഞ്ഞുമായി എത്തിയാണ് യുവതി പരാതി നൽകിയത്.
സിറ്റി കോട്വാലി ഏരിയയിൽ താമസിക്കുന്ന യുവതിയേയും പത്ത് മാസം പ്രായമായ മകളേയുമാണ് മുത്തലാഖ് ചൊല്ലി ഇറക്കിവിട്ടത്. രണ്ട് വർഷം മുമ്പ് മുസ്ലീം ആചാരപ്രകാരമാണ് വിവാഹം നടന്നത്.
വിവാഹശേഷം സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും കുടുംബവും തന്നെ നിരന്തരമായി പീഡിപ്പിച്ചിതായി യുവതി പറയുന്നു. ഒരു ലക്ഷം രൂപയും ബൈക്കും വേണമെന്നാണ് ഭർത്താവിന്റെ ആവശ്യം. ഇത് നൽകാത്തതിനെ തുടർന്ന് ഭർത്താവ് മദ്യപിച്ചെത്തി മർദ്ദിക്കുന്നത് പതിവാണെന്നും പോലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കി. പണവും ബൈക്കും നൽകിയില്ലെങ്കിൽ ഭർത്താവിനെ കൊണ്ട് വേറെ വിവാഹം കഴിപ്പിക്കുമെന്നും കുടുംബം ഭീഷണിപ്പെടുത്തി
ഒടുവിൽ സഹികെട്ട് യുവതി തന്റെ മാതാപിതാക്കൾ ദരിദ്രരാണെന്നും സ്ത്രീധനമായി ഇത്രയും കൂടുതൽ തുക നൽകാൻ കഴിയില്ലെന്നും ഭർത്താവിനോട് പറഞ്ഞു. പ്രകോപിതനായ ഭർത്താവ് ഉടൻ മുത്തലാഖ് ചൊല്ലി യുവതിയേയും കുഞ്ഞിനേയും വീട്ടിൽ നിന്ന് പുറത്താക്കുകയായിരുന്നു. പരാതിയിൽ കർശന നടപടിയുണ്ടാകുമെന്ന് എഎസ്പി ലക്ഷ്മി നിവാസ് മിശ്ര യുവതിക്ക് ഉറപ്പ് നൽകി.















