തൃശൂർ: തിരുവില്വാമല പാമ്പാടി നിളാ തീരത്ത് ഇന്ന് കളിയാട്ടത്തിന് സമാപനം കുറിച്ചു. ഐവർമഠം ശ്മാശനത്തിൽ അരങ്ങേറുന്ന കളിയാട്ടങ്ങൾ നിറഞ്ഞാടിയാണ് ഇത്തവണയും സമാപനം കുറിച്ചത്. ചുടല ഭദ്രകാളി തെയ്യം, പൊട്ടൻ തെയ്യം, ഗുളികൻ തിറ എന്നിവയാണ് കളിയാട്ടത്തിൽ അരങ്ങേറിയത്. കണ്ണൂർ സ്വദേശി അനീഷ് പെരുമലയനാണ് ആചാരപെരുമയോടെ ഭദ്രകാളി തെയ്യം നിറഞ്ഞാടിയത്. ഇതിനൊപ്പം അഭിലാഷ് പണിക്കർ പൊട്ടൻ തെയ്യവും അവതരിപ്പിച്ചു.
പൊട്ടൻ തെയ്യത്തിന്റെ അഗ്‌നി പ്രവേശനത്തിന് ശേഷം ഗുരുതി കഴിഞ്ഞാണ് കളിയാട്ടം അവസാനിച്ചത്. ഇന്നലെ വൈകുന്നേരം ആറ് മണിയോടെ ആരംഭിച്ച കളിയാട്ടം ഇന്ന് പുലർച്ചെ വരെ നീണ്ടു. കളിയാട്ടം ദർശിക്കുന്നതിനായി പതിനായിരക്കണക്കിന് ആളുകളാണ് ഇന്നലെ ശ്മശാന ഭൂമിയിലെത്തിയത്. കണ്ണൂർ കേരള ഫോക് ലോർ അക്കാദമിയുടെ സഹകരണത്തോടെ ഐവർമഠം പൈതൃക സംസ്‌കാര സംരക്ഷണ സമിതി തിരുവില്വാമലയും ചേർന്നാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.















