ന്യൂഡൽഹി: എംഫിൽ കോഴ്‌സിന് അഡ്മിഷൻ വിളിച്ചുകൊണ്ടുള്ള സർവ്വകലാശാല വാർത്തകളിലൂടെ തട്ടിപ്പിന് ഇരയാകരുതെന്ന മുന്നറിയിപ്പുമായി യുജിസി. എംഫിൽ കോഴ്‌സ് യുജിസി നേരത്തെ റദ്ദാക്കിയിരുന്നു. എന്നാൽ ഇത് അംഗീകരിക്കാതെ മിക്ക സർവകലാശാലകളും എംഫിൽ കോഴ്‌സുകളിൽ അഡ്മിഷന് വേണ്ടിയുള്ള അപേക്ഷ ക്ഷണിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് യുജിസി പുതിയ സർക്കുലർ പുറത്തിറക്കിയത്.
സർവ്വകലാശാലകളിൽ നൽകുന്ന എംഫിൽ ബിരുദ കോഴ്‌സുകൾക്ക് നിയമ സാധുത ഇല്ലെന്ന് യുജിസി പ്രഖ്യാപിച്ചിരുന്നു. എംഫിൽ പ്രോഗ്രാമുകൾ ഇനി നടത്തേണ്ടതില്ലെന്നും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് യുജിസി നിർദ്ദേശം കൈമാറി. എന്നാൽ മിക്ക സർവ്വകലാശാലകളും അഡ്മിഷന് ക്ഷണിച്ച് നോട്ടിഫിക്കേഷൻ നൽകിയതോടെയാണ് വീണ്ടും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
2023-24 അദ്ധ്യായന വർഷത്തേക്കുള്ള എംഫിൽ പ്രോഗ്രാം പ്രവേശനം നിർത്തുന്നതിന് അടിയന്തര നടപടികൾ കൈക്കൊള്ളണമെന്നാണ് യുജിസി സർവ്വകലാശാലകളെ അറിയിച്ചിരിക്കുന്നത്. എംഫിൽ ബിരുദം അംഗീകൃതമല്ലെന്ന് പുറത്തിറക്കിയ സർക്കുലറിൽ പരാമർശിച്ചിട്ടുണ്ട്. യുജിസിയുടെ 2022 റെഗുലേഷൻ പ്രകാരം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എംഫിൽ പ്രോഗ്രാം വാഗ്ദാനം ചെയ്യുന്നതിൽ നിന്നും വിലക്കിയിട്ടുണ്ട്. അഡ്മിഷൻ നിർത്താൻ നടപടി സ്വീകരിക്കണമെന്നും വിദ്യാർത്ഥികൾ വഞ്ചിതരാകരുതെന്നും സർക്കുലറിൽ പറയുന്നു.















