ന്യൂഡൽഹി: അയോദ്ധ്യയിൽ നിർമ്മിക്കുന്ന ഗ്രാൻഡ് റെയിൽവേ സ്റ്റേഷനും വിമാനത്താവളവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബർ 30 ന് ഉദ്ഘാടനം ചെയ്യും. രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ചുള്ള അയോദ്ധ്യയിലെ ഒരുക്കങ്ങളും പ്രധാനമന്ത്രി വിലയിരുത്തും. ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി റോഡ് ഷോയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും.
വിമാനത്താവളം ഉദ്ഘാടനം ചെയ്ത ശേഷമായിരിക്കും പ്രധാനമന്ത്രി റോഡ് ഷോയിൽ പങ്കെടുക്കുക. വിമാനത്താവളത്തിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് പ്രധാനമന്ത്രി റോഡ് ഷോയായിട്ടായിരിക്കും യാത്ര ചെയ്യുക. അദ്ദേഹത്തെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ നടന്നു കൊണ്ടിരിക്കുകയാണെന്നും ഡിവിഷണൽ കമ്മീഷണർ അറിയിച്ചു.
നവീകരിച്ച പ്ലാറ്റ്ഫോമുകൾ, പുതിയ സൈൻബോർഡുകൾ, എസ്‌കലേറ്ററുകൾ, ലിഫ്റ്റുകൾ, ശ്രീരാമന്റെ ചുവർചിത്രങ്ങൾ എന്നിവയെല്ലാം അടങ്ങിയതാണ് നവീകരിച്ച ഗ്രാൻഡ് റെയിൽവേ സ്റ്റേഷൻ. രണ്ട് ഘട്ടങ്ങളിലായാണ് റെയിൽവേസ്റ്റേഷന്റെ നവീകരണം നടക്കുന്നത്. ആദ്യഘട്ടത്തിൽ പ്ലാറ്റ്‌ഫോം വികസനം നടക്കുമ്പോൾ, രണ്ടാമത്തേതിൽ കൂടുതൽ ഡോർമെറ്ററികൾ, ടിക്കറ്റിംഗ്, സർക്കുലേറ്റിംഗ് ഏരിയകൾ എന്നിവ ഉൾക്കൊള്ളുന്ന പുതിയ സ്റ്റേഷൻ കെട്ടിടത്തിന്റെ നിർമ്മാണമാവും ഉണ്ടാവുക.
പ്രാണ പ്രതിഷ്ഠാ ചടങ്ങുമുതൽ ആദ്യ നൂറ് ദിവസം വരെ അയോദ്ധ്യ സന്ദർശിക്കാനെത്തുന്നവർക്കായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 1000-ൽ അധികം ട്രെയിനുകൾ സർവ്വീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്.