ഇടുക്കി: വാഗമൺ അഡ്വഞ്ചർ പാർക്കിൽ സജ്ജമാക്കിയിട്ടുള്ള ഗ്ലാസ് ബ്രിഡ്ജിൽ പ്രവേശിക്കുന്നതിന് പ്രദേശവാസികളായ ജനങ്ങൾക്ക് ഇളവ് അനുവദിക്കണമെന്ന ആവശ്യം ശക്തം. ആദ്യ ഘട്ടത്തിൽ പ്രവേശന ഫീസ് 500 രൂപയായിരുന്നു. പിന്നീട് സഞ്ചാരികളുടെ ആവശ്യാനുസരണം ഇത് 250 ആക്കി കുറച്ചു. എന്നാൽ തോട്ടംതൊഴിലാളികളാണ് ഈ പ്രദേശത്ത് അധികമുള്ളത് എന്നതിനാൽ തന്നെ ഇവർക്ക് ഇത് താങ്ങാവുന്നതിലും അധികമാണ്.
പ്രവർത്തന ദിനം മുതൽ തന്നെ അവധി ദിവസങ്ങളിൽ വലിയ തിരക്കാണ് ഗ്ലാസ്ബ്രിഡ്ജിലേക്കുള്ളത്. ഇവിടെ നിന്നും ലഭിക്കുന്ന വരുമാനം ഡിടിപിസിയും നിർമ്മാണക്കമ്പനിയുമാണ് പങ്കിട്ടെടുക്കുന്നത്. ബന്ധപ്പെട്ട അധികാരികൾ ഇടപെട്ട് പ്രദേശവാസികൾ ഇളവ് പ്രഖ്യാപിക്കണമെന്നാണ് ഇവിടുത്തുകാരുടെ ആവശ്യം.
രാജ്യത്തെ ഏറ്റവും നീളം കൂടിയ ക്യാൻഡിലിവർ ഗ്ലാസ് ബ്രിഡ്ജാണ് വാഗമണ്ണിലുള്ളത്. സമുദ്രനിരപ്പിൽ നിന്നും 3,500 അടി ഉയരത്തിലുള്ള ചില്ലുപാലത്തിന്റെ നീളം 40 മീറ്ററാണ്. ഒരേ സമയം 15 പേർക്ക് കയറാവുന്ന പാലത്തിൽ പരമാവധി 10 മിനിറ്റ് വരെ നിൽക്കാനാകും.















