കണ്ണൂർ: പെൺസുഹൃത്തിനെ കാണാനെത്തിയ യുവാവിന് മർദ്ദനം. കണ്ണൂർ പയ്യാമ്പലത്തിന് സമീപമാണ് സംഭവം. വിഷയത്തിൽ കൊലക്കേസ് പ്രതി ഉൾപ്പടെ നാൽവർ സംഘത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. മൊറാഴ കുഞ്ഞരയാലിൽ അനിൽകുമാർ (51) ചാലക്കാട് മണലിൽ നിധീഷ്(31) പള്ളിയാമൂലയിൽ ഷോമിത്ത് എന്നിരെയാണ് അറസ്റ്റ് ചെയ്തത്. കണ്ടാലറിയാവുന്ന ഒരാൾ രക്ഷപ്പെട്ടു. ഇന്നലെ രാത്രി 10.30 നാണ് സംഭവം. കണ്ണൂർ സിറ്റി മൈതാനപ്പള്ളി സ്വദേശിയായ അനിൽകുമാറിനായിരുന്നു മർദ്ദനമേറ്റത്.
പയ്യാമ്പലംവഴി ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും സംഘം പിന്തുടരുകയായിരുന്നു. ശേഷം ബൈക്ക് തടഞ്ഞുനിർത്തി യുവാവിനെ ബലമായി പിടിച്ചുകൊണ്ട് പോകുകയായിരുന്നു. ഇതിനിടയിൽ ഒപ്പമുണ്ടായിരുന്ന പെൺകുട്ടി കടലിൽ ചാടാൻ ശ്രമിച്ചു.പയ്യാമ്പലത്ത് പട്രോളിംഗ് നടത്തുകയായിരുന്ന പിങ്ക് പോലീസ് പെൺകുട്ടിയെ രക്ഷിച്ചു. ശേഷം ചോദ്യം ചെയ്തപ്പോഴാണ് ഒന്നിച്ചുണ്ടായ യുവാവിനെ പിടിച്ചുകൊണ്ടുപോയതായി യുവതി പറഞ്ഞത്. തുടർന്ന് പ്രദേശത്ത് പോലീസ് നടത്തിയ തെരച്ചിലിനടയാണ് പ്രതികളെ പിടികൂടിയത്. അക്രമത്തിൽ പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചു.
അയൽ വക്കത്തെ പെൺകുട്ടിയെ കാണാൻ എത്തിയതും ഫോണിൽ സംസാരിച്ചതുമാണ് മർദ്ദനകാരണം. പിടികൂടിയ ശേഷം തന്നെ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിനകത്ത് കൊണ്ട് പോയി ഇഷ്ടികകൊണ്ട് മർദ്ദിക്കുകയായിരുന്നു എന്നും പരിക്കേറ്റ യുവാവിന്റെ മൊഴിയിൽ പറഞ്ഞിരിക്കുന്നു. പിങ്ക് പോലീസ് ഉദ്യോഗസ്ഥരായ എം. ഗീത, വി. സൗമ്യ, പി.പി. ശ്രീജ എന്നിവരാണ് പ്രതികളെ പിടികൂടിയത്.















