തിരുവനന്തപുരം: നവകേരള സദസിന് ഉപയോഗിച്ച ബസ് പോലെ യാത്രാവേളയിൽ ഔദ്യോഗിക കാര്യങ്ങൾ നിർവ്വഹിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന് കാരവാൻ ഒരുക്കുന്നത് പരിഗണനയിൽ. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ അജിത്കുമാർ ആണ് ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. കാരവാനിന്റെ കാര്യത്തിൽ അന്തിമ തീരുമാനം ഇതുവരെയായിട്ടില്ലെങ്കിലും ഭാവിയിൽ മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത് പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വീഡിയോ കോൺഫറൻസിന് സൗകര്യമുള്ള വാഹനമാണ് പരിഗണനയിലുള്ളത്. ഇതുവഴി മുഖ്യമന്ത്രിയുടെ സ്റ്റാഫുകൾക്കൊപ്പം യാത്രാവേളകളിൽ ഔദ്യോഗിക കാര്യങ്ങൾ ചർച്ചചെയ്യാൻ സാധിക്കുമെന്നും സഞ്ചരിക്കുന്ന ഓഫീസ് എന്നതാണ് ലക്ഷ്യമെന്നും എഡിജിപി പറഞ്ഞു.
നവകേരള സദസിന് ചിലവാക്കിയ പണത്തിനു പുറമെയാണ് സഞ്ചരിക്കുന്ന ഒരു ഓഫീസ് കൂടി മുഖ്യമന്ത്രിക്ക് ഒരുക്കാൻ പദ്ധതിയിടുന്നത്. നവകേരള സദസ് പോകുന്ന ഭാഗങ്ങളിലെ മതിലുകൾ പൊളിക്കുന്നതിൽ കോടതിയും സർക്കാരിനെ താക്കീത് ചെയ്ത് എത്തിയിരുന്നു. പൊളിച്ച മതിൽ പിന്നീട് പണിയുമ്പോൾ ഖജനാവിൽ നിന്നും തന്നെയാണ് പണം പോകുന്നതെന്നായിരുന്നു കോടതി പറഞ്ഞത്. ഇതിനെല്ലാം പുറമെയാണ് കോടികൾ ചെലവഴിച്ച് കാരവാൻ മുഖ്യമന്ത്രിക്കായി വാങ്ങാൻ ഇപ്പോൾ പദ്ധതിയിടുന്നത്.















