എറണാകുളം: കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ തന്ത്ര പ്രാധാന മേഖലയിൽ നിന്ന് ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ കസ്റ്റഡിയിലെടുത്ത ശ്രീനിഷ് പൂക്കോടനെതിരെ നടക്കുന്നത് ശക്തമായ അന്വേഷണം. മലപ്പുറം മഞ്ചേരി സ്വദേശിയായ കരാർ ടെക്നീഷ്യൻ ശ്രീനിഷ് പൂക്കോടനെ ഡിസംബർ 20നാണ് അറസ്റ്റ് ചെയ്തത്. ഇയാൾ അതീവ സുരക്ഷാ മേഖലയിൽ കടന്ന് നിർമാണത്തിലിരിക്കുന്ന നാവികസേന കപ്പലിന്റേയും ഐഎൻഎസ് വിക്രാന്തിന്റേയും ദൃശ്യങ്ങൾ പകർത്തി സമൂഹ മാദ്ധ്യമ ഗ്രൂപ്പായ എയഞ്ചൽ പായലിന് കൈമാറിയിരുന്നു.
അതീവ പ്രാധാന്യമുള്ള ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ച കാര്യം കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയും ഐബിയുമാണ് കണ്ടെത്തിയത്. കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ പരാതിയിലാണ് എറണാകുളം സൗത്ത് പോലീസ് കേസെടുത്തത്. മാർച്ച് മുതൽ ഡിസംബർ 19 വരെയുളള കാലേയളവിലാണ് സുരക്ഷാ മേഖലയിൽ കടന്ന് ചിത്രങ്ങൾ പകർത്തിയത്.
ദൃശ്യങ്ങൾ പകർത്തിയതിനും വിദേശ ബന്ധമുള്ള ഗ്രൂപ്പുകൾക്ക് കൈമാറിയതിനുമാണ് പ്രധാനമായി അന്വേഷണം തുടരുന്നത്. വിദേശബന്ധമുള്ള എയ്ഞ്ചൽ പായൽ എന്ന സമൂഹ മാദ്ധ്യമ അക്കൗണ്ടിനെ കുറിച്ച് ഐബിയും രഹസ്യാന്വേഷണ ഏജൻസിയും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. മിലിട്ടറി ഇൻലിജൻസിന്റെ അന്വേഷണവും നടക്കുന്നുണ്ട്. ഒരു സത്രീയാണ് ഈ അക്കൗണ്ട് കൈകാര്യം ചെയ്യുന്നതെന്നാണ് സൂചന.
ശ്രീനിഷിന്റെ ഫോണിന്റെ സൈബർ ഫോറൻസിക് പരിശോധന റിപ്പോർട്ടിനും പ്രധാന്യമുണ്ട്. കൂടാതെ അന്വേഷണ സംഘം ഫേസ്ബുക്കിൽ നിന്നും വിവരങ്ങൾ തേടിയിട്ടുണ്ട്. എയ്ഞ്ചൽ പായലിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് കപ്പൽശാലയിലെ ചിത്രങ്ങൾ പകർത്തിയതെന്നു ശ്രീനിഷ് ചോദ്യം ചെയ്യലിൽ പറഞ്ഞതായാണ് സൂചന.
ശ്രീനിഷ് പങ്കുവെച്ച ചിത്രങ്ങൾക്ക് പ്രതിഫലം ലഭിച്ചിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഇടപാടുകൾ പരിശോധിക്കുന്നതിനായി ഇയാളുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.
മുംബൈ നേവൽ ഡോക്ക് യാർഡിൽ നിന്നുള്ള വിവരങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട കേസിലും എയ്ഞ്ചൽ പായൽ എന്ന പേര് ഉയർന്നു വന്നിരുന്നു. ഡിസംബർ 13 ന് മഹാരാഷ്‌ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് നാവിക ഡോക്ക് യാർഡിലെ അപ്രന്റീസായ ഗൗരവ് പാട്ടീലിനെ അറസ്റ്റ് ചെയ്തിരുന്നു.















