ഡെറാഡൂൺ : സർക്കാർ ഭൂമി കൈയ്യേറി നിർമ്മിച്ച 100 ഓളം മദ്രസകൾക്കും, മസ്ജിദുകൾക്കും മേൽ ബുൾഡോസർ നടപടിയുമായി ഉത്തരാഖണ്ഡ് സർക്കാർ . ഉത്തരാഖണ്ഡിലെ ഡെറാഡൂണിലെ വികാസ്‌നഗർ പർഗാന പ്രദേശത്തെ ധക്രാനിയിലാണ് കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സർക്കാർ ഭൂമിയിൽ അനധികൃതമായി മദ്രസകളും, മസ്ജിദുകളും നിർമ്മിച്ചിരിക്കുന്നത് .
ഇക്കഴിഞ്ഞ മാർച്ചിൽ ഇതിനു സമീപത്തെ കൈയ്യേറ്റങ്ങൾ ധാമി സർക്കാർ ഒഴിപ്പിച്ചിരുന്നു. ഇതിനു സമീപത്തെ സർക്കാർ ഭൂമിയിലാണ് ഇപ്പോൾ അനധികൃത ആരാധനാലയങ്ങൾ ഉയർന്നിരിക്കുന്നത് .
അനധികൃത കയ്യേറ്റക്കാർക്ക് നിലവിൽ വകുപ്പുതല നോട്ടീസും നൽകിയിട്ടുണ്ട്. ഉത്തരാഖണ്ഡിന്റെയും ഹിമാചലിന്റെയും അതിർത്തിയിലുള്ള ദക്പഥറിൽ നൂറുകണക്കിന് അനധികൃത കൈയേറ്റങ്ങൾ നടന്നിട്ടുണ്ട്. ഇവിടെ വലിയ മുസ്ലീം പള്ളികളും മദ്രസകളും ഖബറുകളും നിർമ്മിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ സർക്കാർ എണ്ണൂറിലധികം കെട്ടിടങ്ങൾ പൊളിച്ചുനീക്കുകയും കോടിക്കണക്കിന് രൂപയുടെ സർക്കാർ ഭൂമി സ്വതന്ത്രമാക്കുകയും ചെയ്തിരുന്നു.
യുജെവിഎൻ ലിമിറ്റഡ് രണ്ട് വർഷമായി അനധികൃത കൈയേറ്റക്കാർക്ക് നോട്ടീസ് നൽകിയിരുന്നെങ്കിലും കൈയേറ്റക്കാർ മാറാൻ വിസമ്മതിക്കുകയാണ്. കൈയേറ്റം ഒഴിപ്പിച്ച അനധികൃത കൈയേറ്റക്കാർ വീണ്ടും വന്ന് കൈയ്യേറുന്നുണ്ടെന്നാണ് സൂചന . ജലവൈദ്യുത വകുപ്പും ചില കൈയേറ്റക്കാർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ട്. ആദ്യഘട്ടത്തിൽ, മദ്രസകളുടെയും പള്ളികളുടെയും മാനേജ്‌മെന്റുകളോട് കൈയേറ്റം സ്വയം നീക്കം ചെയ്യണമെന്ന് പോലീസ് വാക്കാൽ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഫലമുണ്ടായില്ല. ഇത്തരത്തിൽ നൂറോളം കെട്ടിടങ്ങൾ ഇപ്പോഴും അതേപടി നിലകൊള്ളുന്നു.
പുറം സംസ്ഥാനങ്ങളിൽ നിന്നുള്ള മുസ്ലീങ്ങൾ ഉത്തരാഖണ്ഡിൽ അതിക്രമിച്ചു കയറുന്നത് ശ്രദ്ധേയമാണ്. സഹറൻപൂർ, മുസാഫർനഗർ, ഷാംലി ബെഹത് തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് വന്നവർ ഇവിടെ കനാൽ നിർമാണത്തിൽ തൊഴിലാളികളായി ജോലി ചെയ്യുകയും പിന്നീട് ഈ സ്ഥലം കൈവശപ്പെടുത്തി അനധികൃതമായി താമസിക്കുകയും ചെയ്തു. അതുമാത്രമല്ല, കാലക്രമേണ ബന്ധുക്കളെയും വിളിച്ച് ഇവിടെ താമസമാക്കി. ഭൂമി എന്ത് വില കൊടുത്തും കൈയേറ്റം രഹിതമാക്കുമെന്ന് പുഷ്കർ സിംഗ് ധാമി പറഞ്ഞു. ഇതിനായി ഡെറാഡൂൺ ജില്ലാ മജിസ്‌ട്രേറ്റിന് നിർദേശം നൽകിയിട്ടുണ്ട്. ഇവിടെ സോളാർ പദ്ധതി കൊണ്ടുവന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കാനാണ് പദ്ധതിയെന്നും പുഷ്കർ സിംഗ് ധാമി പറഞ്ഞു.















