പുതിയ ലക്ഷ്യങ്ങളും തീരുമാനങ്ങളുമായി പുതുവർഷത്തെ വരവേൽക്കാനുള്ള കാത്തിരിപ്പിലാണ് എല്ലാവരും. മൂന്ന് ദിനങ്ങൾ കൂടി പിന്നിടുമ്പോൾ 2024-ലേക്കാണ് ചുവടുവയ്‌ക്കുന്നത്. പുതുവത്സരത്തോടനുബന്ധിച്ച് വിവിധ പരിപാടികളാകും മിക്കയിടങ്ങളിലും അരങ്ങേറുക. എന്നാൽ ജനുവരി ഒന്ന് തന്നെ എന്തുകൊണ്ടാണ് പുതുവർഷം ആയി ആഘോഷിക്കുന്നതെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
പതിറ്റാണ്ടുകൾക്ക് മുമ്പ് മാർച്ച് 25, ഡിസംബർ 25 എന്നിങ്ങനെയുള്ള തീയതികളിലായിരുന്നു കലണ്ടർ ആരംഭിച്ചിരുന്നത്. ഇവിടെ നിന്നാണ് ജനുവരി ഒന്ന് പുതുവത്സര ദിനമായി മാറിയത്. റോമൻ രാജാവായിരുന്ന നുമ പോംപിലിയസിനാണ് ഇതിന് പിന്നിലെന്നാണ് മിക്കവരും പറയുന്നത്. അദ്ദേഹത്തിന്റെ ഭരണകാലത്ത് നുമ റോമൻ റിപ്പബ്ലിക്കൻ കലണ്ടർ പരിഷ്‌കരിച്ചാണ് ഇത്തരത്തിലാക്കിയത്.
പരിഷ്‌കരിച്ച കലണ്ടറിൽ ജനുവരി ഒന്ന് പുതുവത്സര ദിനമായി എന്ന് പറയപ്പെടുന്നു. റോമൻ ദേവനായ ജാനസിന്റെ പേരാണ് ആദ്യ മാസത്തിന് നൽകിയത്. പിൽക്കാലത്ത് ഇത് ജനുവരിയായി മാറി. യുദ്ധത്തിന്റെ ദേവനായ മാർസിന്റെ പേരിൽ നിന്നാണ് മാർച്ച് എന്ന് പേരിട്ടിരിക്കുന്നതെന്നും പറയപ്പെടുന്നു. ബിസി 46-ൽ ജൂലിയസ് സീസർ കലണ്ടറിൽ കൂടുതൽ മാറ്റങ്ങൾ കൊണ്ടുവന്നു. എന്നാൽ അദ്ദേഹവും ജനുവരി ഒന്ന് വർഷത്തിന്റെ തുടക്കമായി നിലനിർത്തി. പിന്നീട് റോമൻ സാമ്രാജ്യത്തിന്റെ വികസനത്തോടെ ജൂലിയൻ കലണ്ടറിന്റെ ഉപയോഗവും വ്യാപിച്ചു.
പിന്നീട് അഞ്ചാം നൂറ്റാണ്ടിലെ റോമിന്റെ പതനത്തെത്തുടർന്ന് മിക്ക ക്രിസ്ത്യൻ രാജ്യങ്ങളും കലണ്ടറിൽ പല മാറ്റങ്ങളും വരുത്തി. മിക്കയിടങ്ങളിലും മാർച്ച് 25, ഡിസംബർ 25 എന്നിവ പുതുവത്സര ദിനങ്ങളായി മാറ്റി. ഇതിലും മാറ്റം വരുത്തണമെന്ന് മിക്ക രാജ്യങ്ങളും തീരുമാനിച്ചു. പോപ്പ് ഗ്രിഗറി പതിമൂന്നാമൻ 1582-ൽ വീണ്ടും പരിഷ്‌കരിച്ച കലണ്ടർ അവതരിപ്പിച്ചു. പിന്നീട് ഇറ്റലി, ഫ്രാൻസ്, സ്‌പെയിൻ എന്നീ രാജ്യങ്ങൾ ഈ കലണ്ടർ അംഗീകരിച്ചു. പിന്നീട് ഇക്കാലമത്രെയും ലോകമെമ്പാടുമുള്ള രാജ്യങ്ങൾ പുതുവർഷമായി ആഘോഷിച്ചത് ജനുവരി ഒന്നാണ്.
ഡിസംബർ 31-ന് അർദ്ധരാത്രി ക്ലോക്കിലെ സൂചി 12-ൽ എത്തുന്നതോടെ പുതിയ വർഷത്തിന് തുടക്കമാകും. ലോകത്ത് ആദ്യം പുതുവത്സരത്തെ വരവേൽക്കുന്ന രാജ്യത്തെ കുറിച്ച് നിങ്ങൾക്കറിയാമോ? പസഫിക് ദ്വീപുകളായ ടോംഗ, സമോവ, കിരിബാത്തി എന്നിവിടങ്ങളിലാണ് ആദ്യം പുതുവർഷമെത്തുന്നത്. ഈ രാജ്യങ്ങളിൽ ഇന്ത്യൻ സമയം ഡിസംബർ 31-ന് വൈകിട്ട് 3.30-ന് പുതുവർഷം ആരംഭിക്കും. ജനവാസമില്ലാത്ത ഹൗലാൻഡ്, ബേക്കർ ദ്വീപുകളിലാണ് അവസാനം പുതുവർഷമെത്തുന്നത്. ഇന്ത്യൻ സമയം ജനുവരി ഒന്ന് വൈകിട്ട് 5.30-നാണ് പുതുവർഷം ഇവിടെ എത്തുന്നത്.