ചെന്നൈ: നടനും രാഷ്‌ട്രീയ പ്രവർത്തകനുമായ വിജയകാന്തിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. വൈകിട്ട് 4.30ന് കോയമ്പേടുള്ള പാർട്ടി ആസ്ഥാനത്താണ് സംസ്കാര ചടങ്ങുകൾ നടക്കുന്നത്. വിജയകാന്തിന് സിനിമാ-രാഷ്‌ട്രീയ മേഖലകളിൽ നിന്നും നിരവധിപേരാണ് അന്തിമോപചാരം അർപ്പിച്ചത്.
ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്നലെ രാവിലെയായിരുന്നു വിജയകാന്ത് ലോകത്തോട് വിടപറഞ്ഞത്. നടനും രാഷ്‌ട്രീയക്കാരനും എന്നതിലുപരി പരോപകാരിയായ മനുഷ്യസ്നേഹി കൂടിയായിരുന്നു അദ്ദേഹം. ഒരു കാലത്ത് തമിഴകത്തെ ആവേശം കൊള്ളിച്ച താരമാണ് വിജയകാന്ത്. 1980 കളിലാണ് ആക്ഷന്‍ ഹീറോ പരിവേഷത്തിലേക്ക് വിജയകാന്ത് കടന്നുവന്നത്. വിജയകാന്തിന്റെ നൂറാം ചിത്രമായ ക്യാപ്റ്റൻ പ്രഭാകർ ഇന്നും തമിഴിലെ ക്ലാസിക് ചിത്രമായാണ് അറിയപ്പെടുന്നത്.















