ന്യൂഡൽഹി: കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഡൽഹി, പഞ്ചാബ്, ഹരിയാന, ഛണ്ഡീഗഡ് എന്നിവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കാഴ്ചാപരിമിതി 100 മീറ്ററിൽ താഴെയായി കുറഞ്ഞത് വിമാന സർവീസുകളെയും ട്രെയിൻ സർവീസുകളെയും സാരമായി ബാധിച്ചിരിക്കുകയാണ്. 100-ൽ അധികം വിമാനങ്ങൾ മണിക്കൂറുകൾ വൈകിയാണ് സർവീസ് നടത്തുന്നത്. കൂടാതെ നിരവധി ട്രെയിൻ സർവീസുകൾ റദ്ദാക്കുകയും ചെയ്തു.
കനത്ത മൂടൽ മഞ്ഞ് കാരണം കാഴ്ച പരിമിതി കുറഞ്ഞതിനാൽ കഴിഞ്ഞ ദിവസം ഡൽഹിയിൽ നിന്നുമുള്ള ആഭ്യന്തര-അന്താരാഷ്‌ട്ര വിമാന സർവീസുകളടക്കം തടസ്സപ്പെട്ടിരുന്നു. ഡൽഹി വിമാനത്താവളത്തിൽ നിന്നും 134 വിമാനങ്ങൾ വൈകിയാണ് യാത്ര ആരംഭിച്ചത്. അതിശൈത്യവും കനത്ത മൂടൽമഞ്ഞും ജനജീവിതം ദുരിതത്തിലാക്കിയിരിക്കുകയാണ്.
356 ആണ് നിലവിൽ ഡൽഹിയിലെ വായു ഗുണനിലവാരം. അടുത്ത അഞ്ച് ദിവസത്തേക്ക് ഈ സാഹചര്യം തുടരുന്നതിനാൽ അപകടങ്ങൾക്ക് സാധ്യത കൂടുതലാണ്. അതിനാൽ റോഡ് ഗതാഗതത്തിലും വിമാന സർവീസുകളിലും സുരക്ഷ ഉറപ്പാക്കാനുള്ള മാർഗനിർദ്ദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പുറത്തിറക്കിയിട്ടുണ്ട്.