ചെന്നൈ: നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന് അന്തിമോപചാരമർപ്പിച്ച് കേന്ദ്ര ധനകാര്യമന്ത്രി നിർമ്മലാ സിതാരാമൻ. വിജയകാന്തിന്റെ കുടുംബത്തെ നേരിൽക്കണ്ട് ധനമന്ത്രി ആശ്വസിപ്പിക്കുകയും ചെയ്തു. തമിഴ്നാട് ബി.ജെ.പി അദ്ധ്യക്ഷൻ അണ്ണാമലൈ, മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ എന്നിവരും നിർമ്മല സീതാരാമനൊപ്പം അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു.
‘തമിഴ് രാഷ്ട്രീയത്തിലെ ഏറ്റവും മനുഷ്യത്വമുള്ള നേതാവായിരുന്നു ക്യാപ്റ്റൻ വിജയകാന്ത്. അദ്ദേഹം സ്വയം വളർന്ന നേരായ ചിന്തയുള്ള വ്യക്തിയായിരുന്നു. തമിഴ്നാട് രാഷ്ട്രീയത്തിന് ഒരു പുതിയ മുഖം സമ്മാനിക്കുകയായിരുന്നു അദ്ദേഹമെന്നും,’ നിർമ്മല സീതാരാമൻ പറഞ്ഞു.
‘വിജയകാന്തിന്റെ മരണം അംഗീകരിക്കാൻ കഴിയുന്നില്ല. പാവപ്പെട്ടവരുടെ സന്നദ്ധസേവകനായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി മോദിയെ പ്രതിനിധീകരിച്ചാണ് ധനമന്ത്രി നിർമ്മലാ സീതാരാമൻ ഇവിടെയെത്തിയിരിക്കുന്നത്. പ്രേമലതയെ ആശ്വസിപ്പിക്കുകയും ലക്ഷക്കണക്കിന് സന്നദ്ധ പ്രവർത്തകരെ അനുശോചനം അറിയിക്കുകയും ചെയ്തു.’ അണ്ണാമലൈ പറഞ്ഞു.















