ലക്നൗ: അയോദ്ധ്യാ വിമാനത്താവളത്തിന് മഹർഷി വാൽമീകിയുടെ പേര് നൽകിയ മോദി സർക്കാരിന്റെ തീരുമാനത്തിന് നന്ദി അറിയിക്കുന്നുവെന്ന് വിശ്വഹിന്ദു പരിഷത്ത് അദ്ധ്യക്ഷൻ അലോക് കുമാർ. മോദി സർക്കാരിന് ഈ നിമിഷത്തിൽ അഭിനന്ദനം അറിയിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും അലോക് കുമാർ പറഞ്ഞു. രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിനെ കുറിച്ച് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതത്തിലെ കോടിക്കണക്കിന് വിശ്വാസികളുടെ കാത്തിരിപ്പാണ് രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ്. ഈ മഹത്തായ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ 4,500 പണ്ഡിതന്മാർ അയോദ്ധ്യയിൽ ഒത്തുകൂടും. പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാനെത്തുന്ന രാജ്യത്തുടനീളമുള്ള വിശ്വാസികളെ ഞങ്ങൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നാളെ അയോദ്ധ്യയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി 15,000 കോടി രൂപയുടെ വിവിധ പദ്ധതികൾ രാജ്യത്തിന് സമർപ്പിക്കും. അയോദ്ധ്യാ വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, ദേശീയപാത, റെയിൽപാത നവീകരണം എന്നിവയ്ക്കൊപ്പം നിരവധി ക്ഷേമ പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രിയുടെ അയോദ്ധ്യാ സന്ദർശനത്തിന് മുന്നോടിയായി സജ്ജീകരിച്ചിരിക്കുന്ന സുരക്ഷാ ക്രമീകരണങ്ങൾ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ടെത്തി വിലയിരുത്തിയിട്ടുണ്ട്.