തിരുവനന്തപുരം: മൂന്ന് വർഷം ഒരേ ജില്ലയിൽ തന്നെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ. അതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി ചീഫ് സെക്രട്ടറിക്ക് കമ്മീഷൻ കത്ത് നൽകി. ജോലിയുടെ ഭാഗമായി തിരഞ്ഞെടുപ്പ് ചുമതലകൾ ചെയ്യുന്ന ഉദ്യോഗസ്ഥരെയാണ് ജില്ലക്ക് പുറത്തേക്ക് സ്ഥലം മാറ്റാൻ നിർദ്ദേശിച്ചിരിക്കുന്നത്.
ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ, കളക്‌ട്രേറ്റ് ഉദ്യോഗസ്ഥർ മറ്റു ജില്ലാ തല ഉദ്യോഗസ്ഥർ എന്നിവർക്ക് സ്ഥലമാറ്റം ബാധകമാണ്. എന്നാൽ തിരഞ്ഞെടുപ്പ് ജോലികൾക്ക് മാത്രമായി നിയോഗിക്കുന്നവർക്കും വകുപ്പുകളുടെ ആസ്ഥാന ഓഫീസിൽ പ്രവർത്തിക്കുന്നവർക്കും ഇത് ബാധകമല്ല.
2024 ജൂൺ 30-ന് മൂന്നു വർഷം തികയുന്ന ഉദ്യോഗസ്ഥരെ ജനുവരി 31-നകം സ്ഥലംമാറ്റാനാണ് കത്തിലെ നിർദ്ദേശം. സ്വന്തം ജില്ലയിൽ ഉദ്യോഗസ്ഥർക്ക് നിയമനം നൽകാൻ പാടില്ല. കൂടാതെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശിക്ഷാനടപടികൾക്ക് വിധേയരായവർക്കും ആറു മാസത്തിനകം വിരമിക്കുന്ന ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് ചുമതലകൾ നൽകരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ചുമതലകൾക്കായുള്ള റിട്ടേണിങ് ഉദ്യോഗസ്ഥരുടെ പട്ടിക കമ്മീഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്.















