ന്യൂഡൽഹി: പുതുവത്സരാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവർക്കും നല്ലൊരു 2024 ആകട്ടെയെന്നും സമൃദ്ധിയും ശാന്തിയും ആരോഗ്യവും നിറഞ്ഞ വർഷമാകട്ടെ ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു. എക്‌സിലൂടെയായിരുന്നു അദ്ദേഹം ആശംസകൾ അറിയിച്ചത്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ നേട്ടങ്ങൾ കൊയ്ത വർഷമായിരുന്നു 2023. ജി20 ഉച്ചകോടി മുതൽ ചന്ദ്രയാൻ-3 വരെ ഭാരതത്തിന്റെ യശസുയർത്തിയ നിരവധി സംഭവവികാസങ്ങൾ നടന്നിരുന്നു. രാജ്യത്തിന് വലിയ പ്രതീക്ഷകൾ നൽകിയാണ് 2024 കടന്നുവന്നിരിക്കുന്നത്. പുതുവത്സര ദിനം തന്നെ ഇസ്രോയുടെ പോളാരിമീറ്റർ സാറ്റലൈറ്റ് ദൗത്യം നടക്കും. തമോഗർത്തങ്ങളെക്കുറിച്ച് പഠിക്കാനായി എക്‌സ്-റേ പോളാരിമീറ്റർ സാറ്റലൈറ്റ് അഥവാ എക്‌സ്‌പോസാറ്റ് എന്ന ഉപഗ്രഹമാണ് ഇസ്രോ വിക്ഷേപിക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നും രാവിലെ 9.10നാണ് വിക്ഷേപണം. ഇതുകൂടാതെ ജനുവരി 22ന് നടക്കുന്ന അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങും വരും മാസങ്ങളിൽ നടന്നേക്കാവുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പും രാജ്യം ഉറ്റുനോക്കുന്ന ഈ വർഷത്തെ സുപ്രധാന സംഭവങ്ങളാണ്.