ഭോപ്പാൽ: പുതുവർഷദിനത്തോടനുബന്ധിച്ച് ഉജ്ജയിനിയിലെ മഹാകാലേശ്വർ ക്ഷേത്രത്തിൽ ഈ വർഷത്തെ ആദ്യ ഭസ്മ ആരതി നടന്നു. പുലർച്ചെ 3.30-നാണ് ഭസ്മ ആരതി നടന്നത്. ആയിരക്കണക്കിന് ഭക്തരാണ് ഭസ്മ ആരതിയിൽ പങ്കെടുക്കാനായി ക്ഷേത്ര സന്നിധിയിലെത്തിയത്.
ആചാരമനുസരിച്ച്, ഭസ്മ ആരതിയിൽ പങ്കെടുക്കുന്നവരുടെ ആഗ്രഹങ്ങൾ സഫലമാകുമെന്നാണ് വിശ്വാസം. ഉജ്ജയിനി മഹാകാലേശ്വർ ക്ഷേത്രത്തിലെ പ്രസിദ്ധമായ ചടങ്ങാണ് ഭസ്മ ആരതി. പുലർച്ചെ 3.30-നും 5.30-നും ഇടയിലുള്ള ‘ബ്രഹ്മ മുഹൂർത്ത’ സമയത്താണ് ഭസ്മ ആരതി നടത്തുന്നത്.
പാൽ, തൈര്, നെയ്യ്, പഞ്ചസാര, തേൻ എന്നിവ ഉൾപ്പെടുന്ന പഞ്ചാമൃതം ഉപയോഗിച്ച് ശിവവിഗ്രഹത്തിൽ അഭിഷേകം ചെയ്യുന്നു. അതിനുശേഷം ചന്ദനത്തിരിയും സുഗന്ധദ്രവ്യങ്ങളും ചേർത്ത് ബാബ മഹാകലിനെ അലങ്കരിക്കുന്നു. തുടർന്ന് പട്ട് അണിയിക്കുന്നതാണ് ചടങ്ങ്.
പുതുവർഷത്തെ ആദ്യ ഭസ്മ ആരതി ആയതിനാൽ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നിന്നും ധാരാളം ഭക്തർ ക്ഷേത്രത്തിലെത്തുകയും ഭസ്മ ആരതിയിൽ പങ്കെടുക്കുകയും ചെയ്തു.