ബെംഗളൂരു: മുസ്ലിം കോളനികളുടെ വികസനത്തിനായി 1000 കോടി രൂപ വകയിരുത്തുമെന്ന കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രസ്താവന ക്കെതിരെ ബിജെപി ശക്തമായി രംഗത്തെത്തി.
വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മുസ്ലീം പ്രീണനം നടത്തുകയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ എന്ന് കർണാടക പ്രതിപക്ഷ നേതാവ് ആർ അശോക ആരോപിച്ചു.
ന്യൂനപക്ഷങ്ങൾക്ക് ആധിപത്യമുള്ള പ്രദേശങ്ങളുടെയും കോളനികളുടെയും വികസനത്തിന് 1000 കോടി രൂപയുടെ കർമപദ്ധതി തയ്യാറാക്കാൻ സിദ്ധരാമയ്യ ഉദ്യോഗസ്ഥർക്ക് നൽകിയ നിർദേശത്തോട് പ്രതികരിക്കുകയായിരുന്നു അശോക.
“കഴിഞ്ഞ ഏഴു മാസത്തിനിടെ 500-ലധികം കർഷകർ കർണാടകയിൽ ആത്മഹത്യ ചെയ്ത സാഹചര്യമുണ്ട്. അവരുടെ കാര്യം നോക്കാതെ
സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ ന്യൂനപക്ഷങ്ങൾക്ക് ഒന്നിന് പിറകെ ഒന്നായി സമ്മാനങ്ങൾ വർഷിക്കുകയാണ്. ഈ സർക്കാരിന് കർഷകർക്ക് നൽകാൻ പണമില്ല, പക്ഷെ ന്യൂനപക്ഷ കോളനികൾക്ക് കൊടുക്കാൻ പണമുണ്ട്. ഇപ്പോൾ അദ്ദേഹം ന്യൂനപക്ഷ കോളനികൾക്കായി 1,000 കോടി രൂപ പ്രഖ്യാപിച്ചു. അതായത് ആകെ 11,000 കോടി രൂപ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടിന് വേണ്ടി മുസ്ലീം പ്രീണനം നടത്തുകയാണ് സിദ്ധരാമയ്യ.”
ന്യൂനപക്ഷങ്ങൾക്കുള്ള ബജറ്റ് വിഹിതം 10,000 കോടിയായി ഉയർത്തുമെന്ന സിദ്ധരാമയ്യയുടെ മുൻ വാഗ്ദാനത്തെ സൂചിപ്പിച്ചുകൊണ്ട് അശോക പറഞ്ഞു
“എന്തുകൊണ്ടാണ് ഹിന്ദുകോളനികൾ വികസിപ്പിക്കാൻ സർക്കാർ പണം ചെലവഴിക്കാത്തത്? ഹിന്ദുക്കൾ രണ്ടാംകിട പൗരന്മാരാണോ?” ആർ അശോക ചോദിച്ചു.
ന്യൂനപക്ഷ കോളനികളുടെ വികസനത്തിനായി 1000 കോടി രൂപയുടെ കർമപദ്ധതി രൂപീകരിക്കാൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വെള്ളിയാഴ്ച ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. കർമപദ്ധതി തയ്യാറാക്കുന്ന വേളയിൽ ന്യൂനപക്ഷ ജനസംഖ്യ കൂടിയ പ്രദേശങ്ങൾ കണ്ടെത്തി ഗ്രാന്റ് അനുവദിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ന്യൂനപക്ഷത്തിൽ പെട്ട 6.4 ലക്ഷം വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകാനും തീരുമാനിച്ചതായി സിദ്ധരാമയ്യ പറഞ്ഞു. ന്യൂനപക്ഷങ്ങൾക്കുള്ള ബജറ്റ് വിഹിതം ക്രമേണ 10,000 കോടി രൂപയായി ഉയർത്തുമെന്ന് സിദ്ധരാമയ്യ ഈ മാസം ആദ്യം ഒരു പൊതു പരിപാടിയിൽ വാഗ്ദാനം ചെയ്തതിന് പിന്നാലെയാണ് ഈ നിർദ്ദേശം.
സിദ്ധരാമയ്യയുടെ ഈ തീരുമാനത്തെ പിന്തുണച്ചു കൊണ്ട് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും രംഗത്തെത്തിയിരുന്നു.
“സംസ്ഥാനത്തെ മുസ്ലീം കോളനികൾക്കായി 1000 കോടി രൂപ അനുവദിച്ചതിൽ തെറ്റൊന്നുമില്ല.1000 കോടി രൂപ 224 നിയമസഭാ മണ്ഡലങ്ങൾക്കായി വിഭജിച്ചാൽ അത് അധികമൊന്നുമല്ല,” ഡികെ ശിവകുമാർ പറഞ്ഞു















