ഗൊരഖ്പൂർ: പുതുവർഷത്തിന്റെ ആദ്യ ദിനത്തിൽ ജനതാ ദർശൻ നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മഹന്ത് ദിഗ്വിജയ്നാഥ് സ്മൃതി ഭവനിൽ നടന്ന ജനതാ ദർശനിൽ 200 ഓളം പേരുമായി യോഗി ആദിത്യനാഥ് ചർച്ച നടത്തി. തന്നെ കാണാൻ വന്നവരുടെ പ്രശ്നങ്ങൾ കേൾക്കുകയും പരിഹരിക്കാനുള്ള നിർദ്ദേശം നൽകുകയും ചെയ്തു അദ്ദേഹം. ഗോരഖ്‌നാഥ് ക്ഷേത്രപരിസരത്താണ് ജനതാ ദർശൻ സംഘടിപ്പിച്ചത്.
പൊതുപ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ഒരുതരത്തിലുള്ള അനാസ്ഥയും വെച്ചുപൊറുപ്പിക്കില്ലെന്ന് യോഗി ആദിത്യനാഥ് തന്നെ കാണാൻ എത്തിയവർക്ക് ഉറപ്പ് നൽകി. ജനതാദർശനത്തിൽ തടിച്ചുകൂടിയ ജനങ്ങളെ ക്ഷമയോടെ കേട്ട മുഖ്യമന്ത്രി, അവരുടെ പരാതികൾ വായിച്ചു നോക്കിയ ശേഷം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്തു.
ചികിത്സാ ധനസഹായം തേടുന്നവർക്ക് മതിയായ തുക അനുവദിക്കുമെന്നും പണത്തിന്റെ ദൗർലഭ്യം മൂലം ആരുടെയും ചികിത്സ തടസ്സപ്പെടില്ലെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി. ചികിത്സാ ചെലവ് കണക്കാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാനും സർക്കാരിന് സമർപ്പിക്കാനും ആവശ്യമായ ഫണ്ട് അനുവദിക്കാനും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.