തിരുവനന്തപുരം: കല്ലറയിൽ ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കല്ലറ മുതുവിള മുളമുക്ക് കോടംബ്ലാച്ചി കുഴിയിൽവീട്ടിൽ കൃഷ്ണൻ ആചാരി, ഭാര്യ വസന്തകുമാരി എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയോടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ദമ്പതികൾ ഇവിടെ മകനൊപ്പമാണ് താമസിച്ചിരുന്നത്. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി മകൻ കഴിഞ്ഞ ദിവസം ഭാര്യ വീട്ടിലേക്ക് പോയിരുന്നു. ഈ സമയമാണ് ഇരുവരും ജീവനൊടുക്കിയത്. ഇന്ന് രാവിലെ മകൻ ഫോൺ വിളിച്ചെങ്കിലും പിതാവ് ഫോൺ എടുത്തില്ല. ഇതോടെ അയൽവാസിയെ വിളിച്ച് വിവരം തിരക്കി.
പ്രദേശവാസികൾ രാവിലെ എട്ടരയോടെ നടത്തിയ തിരച്ചിലിലാണ് കൃഷ്ണൻ ആചാരിയെ ശൗചാലയത്തിലും വസന്തകുമാരിയെ കുളിമുറിയിലും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവർക്കും ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് വിവരം. മരിക്കുകയാണെങ്കിൽ ഒന്നിച്ചെന്ന് ഇരുവരും പറഞ്ഞിരുന്നതായാണ് പറയപ്പെടുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.















