പുതുവർഷദിനത്തിൽ 2024 ഗഗൻയാൻ ദൗത്യത്തിന്റെ വർഷമെന്ന് പ്രഖ്യാപിച്ച് ഇന്ത്യൻ ബഹിരാകാശ ഏജൻസി ഐഎസ്ആർഒ. 2025-ലാണ് മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്‌ക്കാൻ ഇസ്രോ ലക്ഷ്യം വയ്‌ക്കുന്നതെങ്കിലും ഈ വർഷം ഇതിനോടനുബന്ധിച്ച് നിരവധി പരീക്ഷണങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഈ വർഷം 12 മുതൽ 14 വരെ വിക്ഷേപണങ്ങൾ നടത്താനാണ് ഇസ്രോ ലക്ഷ്യം വയ്‌ക്കുന്നതെന്ന് ഐഎസ്ആർഒ മേധാവി എസ് സോമനാഥ് അറിയിച്ചു.
ഐഎസ്ആർഒയെ സംബന്ധിച്ചിടത്തോളം ഗഗൻയാൻ ദൗത്യത്തിന് വേണ്ടിയുള്ള വർഷമായിരിക്കും 2024. 2025-ൽ രാജ്യത്തിന്റെ ആദ്യ ബഹിരാകാശ ദൗത്യം സാക്ഷാത്കരിക്കുന്നതിനുള്ള വർഷമാണ്. ഇതിനോടനുബന്ധിച്ച് നിരവധി പരീക്ഷണങ്ങളും മറ്റ് സജ്ജീകരണങ്ങളും ഈ വർഷം നടക്കും. എസ് സോമനാഥ് വ്യക്തമാക്കി.
ഈ വർഷം ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായുള്ള രണ്ട് അബോർട്ട് വിക്ഷേപണ ദൗത്യം നടക്കും. 2023 അവസാനമാണ് ടിഡി-1 എന്ന ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. ക്രൂ എസ്‌കേപ്പ് സിസ്റ്റത്തിന്റെ പരീക്ഷണമായിരുന്നു ആദ്യ ഘട്ടത്തിൽ നടത്തിയത്. ഇനി രണ്ട് ആളില്ലാ ദൗത്യങ്ങൾ, ഹെലികോപ്റ്റർ ഡ്രോപ്പ് ടെസ്റ്റ്, ലോഞ്ച് പാഡ് അബോർട്ട് ടെസ്റ്റ് എന്നിവ ഈ വർഷം നടക്കും.















