ഷിംല: നിലാപാട് ഉറപ്പിച്ച് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു. അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുമെന്ന് തറപ്പിച്ച് പറഞ്ഞിരിക്കുകയാണ് അദ്ദേഹം. കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ അന്തിമ തീരുമാനം വരുന്നതിന് മുന്നേയാണ് സുഖുവിന്റെ നിലപാട്. ഔദ്യോഗികമായി മുഖ്യമന്ത്രിക്ക് ഇതുവരെ ക്ഷണം ലഭിച്ചിട്ടില്ല. എന്നാൽ ക്ഷണം ലഭിച്ചാലും ഇല്ലെങ്കിലും, ഭഗവാൻ ശ്രീരാമനാണ് വിശ്വാസത്തിന്റെ കേന്ദ്രമെന്നും അദ്ദേഹം പറഞ്ഞു. ഭഗവാൻ ശ്രീരാമന്റെ പാതയാണ് തങ്ങൾ പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെ അയോദ്ധ്യയിൽ നിന്ന് ക്ഷണമൊന്നും ലഭിച്ചിട്ടില്ല, പക്ഷേ ഞങ്ങൾക്ക് ക്ഷണം ലഭിച്ചാലും ഇല്ലെങ്കിലും, ശ്രീരാമൻ നമ്മുടെ വിശ്വാസത്തിന്റെ കേന്ദ്രമാണ്. അദ്ദേഹം കാണിച്ച പാത ഞങ്ങൾ പിന്തുടരും– സുഖ്‌വീന്ദർ സിംഗ് സുഖു പറഞ്ഞു.
അയോദ്ധ്യ രാമക്ഷേത്രത്തിലേ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചത് സംബന്ധിച്ച് ഹിമാചൽ പ്രദേശ് മന്ത്രിയും കോൺഗ്രസ് നേതാവുമായ വിക്രമാദിത്യ സിംഗും പ്രതികരിച്ചു. ക്ഷേത്ര ട്രസ്റ്റിൽ നിന്നും വിഎച്ച്പിയിൽ നിന്നും ഞങ്ങൾക്ക് ക്ഷണം ലഭിച്ചെന്നും ഇതിൽ രാഷ്‌ട്രീയമല്ല നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേവസംസ്‌കൃതിയുമായി ചേർന്നുനിൽക്കുന്നതാണ് ഹിമാചൽ പ്രദേശെന്നും രാമക്ഷേത്ര പ്രസ്ഥാനത്തെ തന്റെ പിതാവ് അനുകൂലിച്ചിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















