ചണ്ഡീഗഡ്: ചേതക് കോർപ്സിന്റെ കമാർഡറായി ലഫ്റ്റനന്റ് ജനറൽ നാഗേന്ദ്ര സിംഗ് അധികാരമേറ്റു. 34-ാമത്തെ ജനറൽ ഓഫീസർ കമാൻഡറായാണ് നാഗേന്ദ്ര സിംഗ് ഇന്ന് അധികാരമേറ്റത്. കഴിഞ്ഞ ദിവസം വിരമിച്ച ലെഫ്റ്റനന്റ് ജനറൽ സഞ്ജീവ് റായിയ്ക്ക് പകരക്കാരനായാണ് നാഗേന്ദ്ര സിംഗ് ചമുതലയേറ്റിരിക്കുന്നത്.
1989-ൽ സൈന്യത്തിന്റെ ഭാഗമായ നാഗേന്ദ്ര സിംഗിന്റെ ആദ്യ പോസ്റ്റിംഗ് പഞ്ചാബ് റെജിമെന്റിലായിരുന്നു. ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമി, വെല്ലിംഗ്ടണിലെ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജ്, ഡൽഹിയിലെ നാഷണൽ ഡിഫൻസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം പൂർത്തിയാക്കിയത്.
രാജ്യത്തിന്റെ എല്ലാ അതിർത്തി പ്രദേശങ്ങളിലും നാഗേന്ദ്ര സിംഗ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. വർഷങ്ങൾ നീണ്ട പ്രവർത്തനത്തിനും മികച്ച സേവനത്തിനും അതിവിശിഷ്ട് സേവാ മെഡൽ, യുദ്ധ സേവാ മെഡൽ, സേനാ മെഡൽ എന്നിവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
പഞ്ചാബിലെ ഭട്ടിൻഡ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇന്ത്യൻ ആർമിയുടെ പ്രധാനപ്പെട്ട ഡിവിഷനാണ് ചേതക്ക് കോർപ്പ്സ്. മഹാറാണാ പ്രതാപിന്റെ ധീരനും ബുദ്ധിമാനുമായ കുതിര ചേതക്കിന്റെ പേരിലാണ് ഈ ഡിവിഷൻ അറിയപ്പെടുന്നത്.