ക്ഷേമ പെൻഷൻ മുടങ്ങിയതിനെതിരെ പിച്ചച്ചട്ടിയുമായി പിണറായി സർക്കാരിനെതിരെ സമരത്തിനിറങ്ങി വാർത്തകളിൽ ഇടംപിടിച്ച മറിയക്കുട്ടിയെ പ്രശംസിച്ച് സംവിധായകനും നടനുമായ ജോയ്മാത്യു. ബിജെപിക്ക് പിന്തുണയുമായെത്തിയ മറിയക്കുട്ടി തൃശൂരിൽ സിപിഎം സർക്കാരിനെതിരെ രൂക്ഷമായ വിമർശനം ഉയർത്തിയിരുന്നു.
പിണറായി വിജയന്റെ ഗുണ്ടകള്‍ക്ക് ഉമ്മ നൽകുന്ന പോലീസ് മറ്റുള്ളവരുടെ തല തല്ലിപ്പൊട്ടിക്കുന്നു. സമരം ചെയ്‌തവരെ തല്ലിയ പോലീസുകാര്‍ക്ക് ജനങ്ങള്‍ മാര്‍ക്കിട്ടിട്ടുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ സുരേഷ് ഗോപിയെ ജയിപ്പിച്ചാൽ നാട് രക്ഷപ്പെടുമെന്നും അവർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മറിയക്കുട്ടിയ പ്രശംസിച്ച് ജോയ്മാത്യു രംഗത്തെത്തിയത്.
”2023 ഒരു യഥാർത്ഥ പോരാളിയെ നമുക്ക് കാണിച്ചു തന്നു. റാൻ മൂളികളായ അക്കാദമിക് ഫെമിനിസ്റ്റുകളോ സ്ത്രീ വിമോചക സിംഹികളോ കണ്ടില്ലെന്ന് നടിച്ചാലും അധികാരത്തിന്റെ തണലിൽ മധുരം നുണഞ്ഞ് അകാലവാർധക്യം ബാധിച്ച നമ്മുടെ ചെറുപ്പക്കാർക്ക് ലജ്ജിക്കാൻ മറിയക്കുട്ടിയെന്ന പോരാളി ധാരാളമെന്ന് ജോയ്മാത്യു ഫേസ്ബുക്കിൽ കുറിച്ചു.
ജോയ് മാത്യുവിന്റെ വാക്കുകൾ:
”2023 ഒരു യഥാർത്ഥ പോരാളിയെ നമുക്ക് കാണിച്ചു തന്നു. റാൻ മൂളികളായ അക്കാദമിക് ഫെമിനിസ്റ്റുകളോ സ്ത്രീ വിമോചക സിംഹികളോ കണ്ടില്ലെന്ന് നടിച്ചാലും അധികാരത്തിന്റെ തണലിൽ മധുരം നുണഞ്ഞ് അകാലവാർധക്യം ബാധിച്ച നമ്മുടെ ചെറുപ്പക്കാർക്ക് ലജ്ജിക്കാൻ മറിയക്കുട്ടിയെന്ന പോരാളി ധാരാളം. മറിയക്കുട്ടിയുടെ പൊളിറ്റിക്കൽ കറക്റ്റ്നെസിക്കുറിച്ച് ബേജാറാവുന്നവരോട്, ഈ പൊളിറ്റിക്സിന് ഈ കറക്ട്നസ് ധാരാളം ! മറിയക്കുട്ടിയുടെ സമരമാർഗ്ഗം ഗാന്ധിയനാണോ മാർക്സിയനാണോ അതോ മറ്റുവല്ലതുമാണോ എന്ന് തിരക്കുന്നവരോട് ഒന്നേ പറയാനുള്ളൂ മറിയക്കുട്ടിയുടെ വഴി മറിയക്കുട്ടിയുടെ മാത്രം വഴി. ഇത്തരം സർഗ്ഗാത്മക സമരമാർഗ്ഗങ്ങൾ ഇനിമേൽ മറിയക്കുട്ടി മോഡൽ എന്നറിയപ്പെടും (മനോരോഗികളുടെ കമന്റുകൾ വായിച്ച് ബേജാറാവണ്ട, അത് ചികിത്സയില്ലാത്ത രോഗമാണ് )”
















