കാസർകോട്: വിദ്യാർത്ഥിനിയെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബന്തിയോട് സ്വദേശിനി ഫാത്തിമ(19)യെയാണ് ഫ്ലാറ്റിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
രാവിലെ ഏറെ വൈകിയിട്ടും യുവതിയെ കാണാതായതോടെ വീട്ടുകാർ നടത്തിയ പരിശോധനയിലാണ് വിവരമറിഞ്ഞത്. മുറിയുടെ വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുറന്നു നോക്കിയപ്പോഴാണ് യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അതേസമയം യുവതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. യുവതിയെ അപരിചിതനായ ഒരു യുവാവ് ഫോണിലൂടെ ശല്യം ചെയ്തിരുന്നതായി ബന്ധുക്കൾ ആരോപിച്ചു.















