റായ്പൂർ: ഛത്തീസ്ഗഡിലെ ബിജാപൂരിൽ സുരക്ഷാ സേനയും കമ്യൂണിസ്റ്റ് ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ രണ്ട് ജില്ലാ റിസർവ് ഗാർഡ് ജവാൻമാർക്ക് പരിക്കേറ്റതായി ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ 6 മാസം പ്രായമുള്ള പെൺകുട്ടി കൊല്ലപ്പെട്ടെന്നും കുട്ടിയുടെ അമ്മ പരിക്കേറ്റ് ചികിത്സയിൽ തുടരുകയാണെന്നും ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഗംഗളൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മുത്വണ്ടി ഗ്രാമത്തിനടുത്തുള്ള വനത്തിൽ ഇന്ന് വൈകിട്ട് 5 മണിയോടെയാണ് സേനയും കമ്യൂണിസ്റ്റ് ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. പരിക്കേറ്റ സ്ത്രീയെയും രണ്ട് ജവാന്മാരെയും വിദ്ഗധ ചികിത്സയ്‌ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഡിആർജിയിലെയും സെൻട്രൽ റിസർവ് പോലീസിലെയും ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കമ്യൂണിസ്റ്റ് ഭീകരർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.